തിരുവനന്തപുരം: വർക്കലയില്‍ എക്സൈസിന്‍റെ മയക്കുമരുന്ന് വേട്ട. 9.76ഗ്രാം ബ്രൗണ്‍ഷുഗറുമായി രണ്ട് അസം സ്വദേശികള്‍ പിടിയിലായി. മുഹമ്മദ് കിതാബ് അലി, ജഹാംജിർ ആലം എന്നിവരാണ് വർക്കല റെയില്‍വേ സ്റ്റേഷൻ പരിസരത്ത് നിന്ന് പിടിയിലായത്. തിരുവനന്തപുരം എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് മയക്കുമരുന്നുമായി വന്ന യുവാക്കളെ വർക്കല എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
വർക്കല എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ സജീവ് വിയുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ തിരുവനന്തപുരം സൈബർ സെല്‍ ഇൻസ്‌പെക്ടർ അജയകുമാർ, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർമാരായ സെബാസ്റ്റ്യൻ, വിജയകുമാർ പിഒ, സിവില്‍ എക്സൈസ് ഓഫീസർമാരായ പ്രിൻസ് ടി എസ്, രാഹുല്‍ ആർ, ദിനു പി ദേവ്, പ്രവീണ്‍.പി, നിഖില്‍ (സൈബർ സെല്‍ ) തുടങ്ങിയവർ പങ്കെടുത്തു. അതിനിടെ പാലക്കാട് ഒലവക്കോട് റെയില്‍വേ പ്ലാറ്റ്ഫോമില്‍ 34.1 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് സർക്കിള്‍ ഇൻസ്പെക്ടർ ജിജി പോളും പാർട്ടിയും ആർപിഎഫും ചേർന്നു സംയുക്തമായി പാലക്കാട് റെയില്‍വേ ജംഗ്ഷനിലെ പ്ലാറ്റ്ഫോമിലും, ട്രെയിനുകളിലും പരിശോധന നടത്തവേ ആണ് രണ്ടു ഷോള്‍ഡർ ബാഗുകളിലും രണ്ടു ട്രാവലർ ബാഗുകളിലുമായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെടുത്തത്. കഞ്ചാവ് എത്തിച്ചതാരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.