തിരുവനന്തപുരം: വയനാട്ടില്‍ ഭീതിവിതച്ച പെണ്‍കടുവയ്ക്ക് തലസ്ഥാനത്ത് അഭയം. ഒരാഴ്ച മുമ്പ് വയനാട്ടില്‍ വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങിയ എട്ടുവയസുകാരിയായ കടുവയെ തിരുവനന്തപുരത്തേക്ക് വണ്ടികയറ്റാനാണ് തീരുമാനം. കാലിന് പരുക്കേറ്റ കടുവയെ തിങ്കളാഴ്ച മൃഗശാലയില്‍ എത്തിക്കും. പരുക്കേറ്റ കടുവയ്ക്ക് ആവശ്യമായ ചികിത്സ നല്കി പുനരധിവസിപ്പിക്കും.
മൃഗശാലയില്‍ എത്തിക്കുന്ന കടുവയുടെ ആരോഗ്യപരിശോധന നടത്തിയതിന് ശേഷം കാലിലെ പരുക്കിനുള്ള ചികിത്സ ആരംഭിക്കാനാണ് ആലോചന. മുൻപ് വയനാട് നിന്നും പിടികൂടിയ ജോർജ് എന്ന കടുവയെ ഉള്‍പ്പെടെ മൃഗശാലയിലേക്ക് കൊണ്ടു വന്നിരുന്നു. കഴിഞ്ഞയാഴ്ച പഞ്ചാരക്കൊല്ലിയില്‍ ഇറങ്ങിയ നരഭോജി കടുവയെ മരിച്ച നിലയില്‍ കണ്ടെത്തിയതിന് ആഴ്ചകള്‍ക്ക് മുമ്പാണ് പെണ്‍കടുവ പുല്‍പ്പള്ളി മേഖലയിലിറങ്ങി ഭീതിപടർത്തിയത്. രണ്ടാഴ്ചക്കാലം ജനവാസ കേന്ദ്രത്തില്‍ ഭീതി പരത്തിയ കടുവ ഒടുവില്‍ വനം വകുപ്പിന്റെ കൂട്ടിലായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുപ്പാടിയിലെ വന്യമൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയ കടുവ പൂർണ ആരോഗ്യം പ്രാപിച്ചതോടെയാണ് തിരുവനന്തപുരത്തേക്കെത്തിക്കുന്നത്. ജനുവരി ഏഴിനു നാരകത്തറയില്‍ പാപ്പച്ചൻ എന്ന ജോസഫിന്റെ ആടിനെ കൊന്നാണ് കടുവ ആക്രമണം തുടങ്ങിയത്. ആടിനെ പാതിയോളം ഭക്ഷിച്ച നിലയിലാണ് തൊട്ടടുത്ത തോട്ടത്തില്‍ ജഡം കണ്ടത്. തോട്ടത്തിലൂടെ കടുവ ഓടുന്നതും നാട്ടുകാർ കണ്ടു. വിവരമറിഞ്ഞെത്തിയ വനം വകുപ്പുദ്യോഗസ്ഥർ പാതി തിന്ന ആടിനെ ഇരയായി വെച്ച് കെണിയൊരുക്കി. കടുവ കെണിയില്‍ കുടുങ്ങിയില്ലെങ്കിലും ക്യാമറയില്‍ കുടുങ്ങി. വനംവകുപ്പിന്റെ നിരീക്ഷണ ക്യാമറയിലും ക്യാമറ ട്രാപ്പിലും ദൃശ്യങ്ങള്‍ ലഭിച്ചു. സൂക്ഷ്മ പരിശോധനയില്‍ ഇത് കേരളത്തിന്റെ ഡാറ്റാ ബേസില്‍ ഇല്ലാത്ത കടുവയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു.