സിപിഎം ഭരിക്കുന്ന തിരുവഞ്ചൂര്‍ സഹകരണ ബാങ്കില്‍ വായ്പാ തട്ടിപ്പും നിക്ഷേപത്തട്ടിപ്പും അഴിമതിയും ആരോപിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഏകദിന നിരാഹാര സമരം നടത്തി. സംസ്ഥാന സമിതി അംഗം ബി രാധാകൃഷ്ണ മേനോന്‍ സമരപരിപാടി ഉദ്ഘാടനം ചെയ്തു. സമര സമിതി ചെയര്‍മാന്‍ എം വി വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. വര്‍ഷങ്ങളായി നടക്കുന്ന അഴിമതിയും കെടുകാര്യസ്ഥതയും മൂലം ബാങ്കിന് കോടിക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായിട്ടുള്ളതായി ആരോപിച്ചാണ് ബിജെപി സമരവുമായി രംഗത്തെത്തിയത്.
വ്യാജ വാലുവേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ വലിയ തുകകള്‍ വായ്പയായി നല്‍കിയിട്ടുള്ളതായും സംഘത്തിന്റെ പ്രവര്‍ത്തന പരിധിക്ക് പുറത്ത് വായ്പ അനുവദിച്ചിട്ടുള്ളതായും ചിട്ടി പിടിച്ചവര്‍ക്ക് പോലും പണം നല്‍കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും ബിജെപി ആരോപിച്ചു. ബാങ്ക് ഭരണസമിതി പിരിച്ചു വിടണമെന്നും നിക്ഷേപ തട്ടിപ്പിലും വായ്പാ തട്ടിപ്പിലും കേസെടുക്കണമെന്നും ഭരണസമിതി അംഗങ്ങളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന സമിതി അംഗവും വാര്‍ഡ് മെംബറുമായ മഞ്ജു സുരേഷ്, സമര സമിതി ജനറല്‍ കണ്‍വീനര്‍ കെ ജി ശ്രീകാന്ത്, ബിജെപി ജില്ലാ ഭാരവാഹികള്‍, മണ്ഡലം കമ്മറ്റി ഭാരവാഹികള്‍, തുടങ്ങിയവര്‍ സംസാരിച്ചു.