ന്യൂഡൽഹി : തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയില്‍ നടന്ന അതിക്രമങ്ങളുടെ മുഖ്യസൂത്രധാരനെന്നും കരുതപ്പെടുന്ന ഷാജഹാൻ ശൈഖിനെതിനെതിരേ ഇ.ഡി. അന്വേഷണം. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് ഷാജഹാനെതിരേ ഇ.ഡി. കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഷാജഹാന്റെ വീട്ടിലും ഇയാളുമായി ബന്ധപ്പെട്ട ആറ് ഇടങ്ങളിലും ഇ.ഡി. റെയ്ഡ് നടത്തുകയാണ്. റേഷൻ കുംഭകോണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ജനുവരി 5-ന് ഇ.ഡി. ഉദ്യോഗസ്ഥർ ഷാജഹാന്റെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ അന്ന് ഇ.ഡി. ഉദ്യോഗസ്ഥരെ ഒരു കൂട്ടം ആളുകള്‍ ആക്രമിക്കുകയും ഇ.ഡി. ഉദ്യോഗസ്ഥർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവായ ശൈഖ് ഷാജഹാനും കൂട്ടാളികള്‍ക്കുമെതിരെ ആരോപണങ്ങളുമായി സന്ദേശ്ഖാലിയിലെ സ്ത്രീകള്‍ രംഗത്തെത്തിയതോടെയാണ് നോർത്ത് 24 പർഗാനാസിലെ ഗ്രാമം ദേശീയ ശ്രദ്ധയിലേക്കെത്തിയത്. നിരവധി സ്ത്രീകളാണ് ഇയാള്‍ക്കെതിരേ ലൈംഗികപീഡനപരാതി ഉന്നയിച്ചത്. കൂടാതെ ഭൂമികൈമാറ്റക്രമക്കേടുകളും ഉന്നയിക്കപ്പെട്ടു. സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ വിവിധ ക്ഷേമപദ്ധതികളുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പുകളും ഷാജഹാനും കൂട്ടർക്കുമെതിരേ ആരോപിക്കപ്പെട്ടു.