തൃശൂര്‍: തൃശൂർ ജില്ലയില്‍ കോണ്‍ഗ്രസ് എ ഗ്രൂപ്പില്‍ ഭിന്നിപ്പ്. മുതിര്‍ന്ന നേതാക്കളും ജില്ലയിലെ വിശ്വസ്തരുമായിരുന്ന നേതാക്കള്‍ ഉമ്മന്‍ ചാണ്ടിയോട് അകന്നതായാണ് റിപ്പോർട്ടുകൾ.പുനഃസംഘടനയുടെ ഭാഗമായി ഉയര്‍ന്ന ഗ്രൂപ്പിലെ തര്‍ക്കം ഇപ്പോള്‍ മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടി വരുമ്പോഴെല്ലാം കൂടെ കൂടുന്ന നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയിലുണ്ടായിരുന്ന ഉമ്മന്‍ ചാണ്ടിയെ കാണാന്‍ തിരിഞ്ഞുനോക്കിയിട്ടില്ല.
പുത്തൂരില്‍ ഹെലികോപ്ടര്‍ ദുരന്തത്തില്‍ മരിച്ച സൈനികന് പ്രദീപിന്റെ വീട്ടില്‍ മരണവിവരമറിഞ്ഞ് സംസ്കാര ചടങ്ങുകള്‍ പൂര്ത്തിയാകുവോളവും മുഴുവന്‍ സമയവും മന്ത്രിമാര്‍ക്കൊപ്പവും ചെലവഴിച്ച ജനപ്രതിനിധി കൂടിയായ ഗ്രൂപ് നേതാവും മുന്‍ ഡി.സി.സി പ്രസിഡന്റ് കൂടിയായ നേതാവുമടക്കം പ്രദേശത്ത് ഉണ്ടായിട്ടും ഉമ്മന്‍ ചാണ്ടി എത്തിയപ്പോള്‍ വന്നില്ല. വര്‍ഷങ്ങളായി ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തരായിരുന്നവരാണ് ഇപ്പോൾ മറുകണ്ടം ചാടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാര്‍ഥി നിര്‍ണയത്തിലും കെ.പി.സി.സി ഭാരവാഹി, ഡി.സി.സി പ്രസിഡന്റ് നിയമനങ്ങളിലും ഉമ്മന്‍ ചാണ്ടിയെടുത്ത നിലപാടിലെ വിയോജിപ്പാണ് അകലാന്‍ കാരണമായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. കടുത്ത അവഗണനയാണ് തങ്ങളോട് കാണിച്ചതെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു. സോളാര്‍ കേസില്‍ കടുത്ത ആരോപണ പ്രതിസന്ധിയിലായ നേരത്തും കൂടെ നിന്ന് സെല്‍ഫിയെടുത്ത യുവനേതാവടക്കം ഉമ്മന്‍ ചാണ്ടി പക്ഷത്തുനിന്ന് അകന്നവരിലുണ്ട്.
സൈനികന് പ്രദീപിെന്റ വീട്ടിലും സപ്തതിയാഘോഷിക്കുന്ന തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന് ആശംസകളറിയിക്കാനുമാണ് രണ്ടുതവണയായി ഉമ്മന്‍ ചാണ്ടി തൃശൂർ ജില്ലയിലെത്തിയത്. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരിനെയും സനീഷ് കുമാര്‍ ജോസഫ് എം.എല്‍.എയെയും കൂടാതെ ഗ്രൂപ് നേതാക്കളായ പി.എ. മാധവന്, ജോണ്‍ ഡാനിയേല്‍, രാജേന്ദ്രന് അരങ്ങത്ത് എന്നിവരും യൂത്ത് കോണ്‍ഗ്രസ് നേതാവ് ശോഭ സുബിനും കെ.എസ്.യു ജില്ല പ്രസിഡന്റ് മിഥുന് മോഹനുമാണ് ഉണ്ടായിരുന്നത്.
ഉമ്മന്‍ ചാണ്ടി എത്തുന്നത് വിശ്വസ്തരെ അറിയിച്ചിരുന്നുവെങ്കിലും വരുന്നില്ലെന്ന് അറിയിക്കുകയായിരുന്നു. അതേസമയം, വി.എം. സുധീരനടക്കമുള്ള നേതാക്കള്‍ പങ്കെടുത്ത ജനജാഗരണ്‍ യാത്രയിലും മറ്റു പരിപാടികളിലുമടക്കം ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തരായിരുന്ന നേതാക്കള്‍ സജീവമായിരുന്നു.
ഉമ്മന്‍ ചാണ്ടിയോട് അകന്നവര്‍ കെ.സി. വേണുഗോപാല്‍ വിഭാഗത്തിനൊപ്പമാണ് സഹകരിക്കുന്നതെന്നാണ് പറയുന്നത്.