തൃശൂർ: തൃശൂർ ഡിസിസി ഓഫീസിലെ കൈയ്യാങ്കളിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തി. കർശന നടപടി വേണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. വൈകിട്ട് കെ സി വേണുഗോപാലിൻ്റെ നേതൃത്വത്തില്‍ മുതിർന്ന നേതാക്കള്‍ ദില്ലിയില്‍ യോഗം ചേരും. തൃശൂരിലെ കെ മുരളീധരന്‍റെ തോല്‍വി, തല്ല് എന്നിവ യോഗത്തില്‍ ചർച്ച ചെയ്യും. കെ സി വേണുഗോപാല്‍, വി ഡി സതീശൻ, കെ സുധാകരൻ, രമേശ് ചെന്നിത്തല എന്നിവർ യോഗത്തില്‍ പങ്കെടുക്കും. ഇന്നലെ നടന്ന സംഭവത്തില്‍ ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂർ ഉള്‍പ്പടെ 20 പേർക്കെതിരെ കേസെടുത്തു. ഡിസിസി സെക്രട്ടറി സജീവൻ കുര്യച്ചിറയുടെ പരാതിയിലാണ് കേസ്. അന്യായമായി സംഘം ചേർന്ന് തടഞ്ഞുവച്ചു, മർദ്ദിച്ചു എന്നതാണ് പരാതി.
ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. സംഭവത്തില്‍ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് കൊടിക്കുന്നില്‍ സുരേഷും ആവശ്യപ്പെട്ടു. സംഭവിക്കാൻ പാടില്ലാത്തത് നടന്നു. പ്രശ്നങ്ങളുണ്ടെങ്കില്‍ പാർട്ടിയില്‍ പറഞ്ഞ് പരിഹാരം കാണണമായിരുന്നു. മുരളീധരൻ്റെ തോല്‍വി പരിശോധിക്കേണ്ടതാണെന്നും കൊടിക്കുന്നില്‍ പ്രതികരിച്ചു. എഐസിസി നേതൃത്വത്തിന് പരാതി നല്‍കുമെന്ന് ഡിസിസി സെക്രട്ടറി സജീവൻ കുര്യച്ചിറ പ്രതികരിച്ചു. ഡിസിസി അധ്യക്ഷന്റെ നേതൃത്വത്തില്‍ നടത്തിയ അക്രമത്തില്‍ നടപടി വേണമെന്നും പാർട്ടി നേതൃത്വം നടപടി എടുക്കുമെന്ന് പൂർണ്ണ വിശ്വാസമുണ്ടെന്നും സജീവൻ കുര്യച്ചിറ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെ മുരളീധരന്റെ തോല്‍വിക്ക് പിന്നാലെ തുടങ്ങിയ ചേരിപ്പോരാണ് ഇന്നലെ കയ്യാങ്കളിയില്‍ കലാശിച്ചത്. പിന്നാലെയാണ് കെപിസിസി, എഐസിസി നേതൃത്വങ്ങള്‍ പ്രശ്നത്തില്‍ ഇടപെട്ടു. ഡിസിസി സെക്രട്ടറി സജീവൻ കുര്യച്ചിറയെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും അനുകൂലികളും ചേര്‍ന്ന് പിടിച്ചുതള്ളിയെന്നാണ് ആരോപണം. ജില്ലയിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് പരാജയപ്പെട്ടിരുന്നു. തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുരേഷ് ഗോപി ജയിച്ചതോടെയാണ് ഡിസിസിയില്‍ ആരോപണ – പ്രത്യാരോപണങ്ങള്‍ ഉയര്‍ന്നത്.