തൃശൂർ: കല്ലുംപുറം കടവല്ലൂരില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവിന്റെ പിതാവിനെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതിയായ കടവല്ലൂർ കല്ലുംപുറം സ്വദേശി പുത്തൻ പീടികയില്‍ വീട്ടില്‍ അബൂബക്കറിനെ (62) ആണ് കുന്നംകുളം അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ പി അബ്ദുല്‍ ബഷീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കല്ലുംപുറം സ്വദേശി പുത്തൻപീടികയില്‍ വീട്ടില്‍ സൈനുല്‍ ആബിദിന്റെ ഭാര്യ സബീനനെ (25) ആണ് കഴിഞ്ഞ ഒക്ടോബർ 25ന് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 8 മണിയോടെ വീടിന്റെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്.
ആറ് വയസുകാരനായ മൂത്ത മകനെ രാവിലെ മദ്രസയില്‍ പറഞ്ഞയക്കുകയും രണ്ട് വയസ്സുകാരനായ മകനെ ഉറക്കി കിടത്തിയതിനു ശേഷമാണ് യുവതി ആത്മഹത്യ ചെയ്തത്. യുവതി ഭർതൃ വീട്ടില്‍ മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയായതായി പൊലീസ് കണ്ടെത്തിയിരുന്നു. പ്രതി ഹൈക്കോടതിയില്‍ മുൻകൂർ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും ഹൈക്കോടതി ജാമ്യപേക്ഷ തള്ളിയിരുന്നു. ഒളിവില്‍ പോയ പ്രതിയെ ചെന്നൈയില്‍ നിന്നുമാണ് പൊലീസ് പിടികൂടിയത്. പ്രതിയെ വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കി.