നിർമാതാവിനുണ്ടായ സാമ്പത്തിക പ്രശ്നങ്ങളാണ് ‘തുറമുഖ’ത്തിന്റെ റിലീസ് വൈകാൻ കാരണമെന്ന് നിവിൻ പോളി. ബജറ്റ് കൂടിപ്പോയതല്ല സിനിമ വൈകാനുള്ള യഥാർഥ കാരണമെന്നും നിവിൻ പറഞ്ഞു.
‘‘തുറമുഖം ഇത്ര പ്രശ്നങ്ങളിലേക്ക് പോകേണ്ട സിനിമയല്ല. ഇത് ഒരു നാല്‍പ്പത് കോടി പടമോ, അമ്പത് കോടി പടമോ, നൂറുരകോടി പടമോ അല്ല. മലയാളത്തിന് താങ്ങാവുന്ന ബജറ്റില്‍ ഒരുക്കിയ സിനിമയാണ് തുറമുഖം. ഇത്രയും സാമ്പത്തിക പ്രശ്നത്തിലേക്ക് ഇതിനെ വലിച്ചിഴയ്ക്കേണ്ട ആവശ്യം ഇല്ലായിരുന്നു. അതിലേക്ക് വലിച്ചിഴച്ചവര്‍ അതിന് ഉത്തരം പറയേണ്ടതാണ്. ഈ ചിത്രവുമായി നടന്‍ എന്ന നിലയില്‍ പരിപൂര്‍ണമായി സഹകരിച്ചിട്ടുണ്ടായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാജീവേട്ടനാണെങ്കിലും സ്വപ്ന പദ്ധതിയായി ചെയ്ത ചിത്രമായിരുന്നു. അദ്ദേഹവും ഈ സിനിമയ്ക്കു വേണ്ടി ഒരുപാട് കഷ്ടപ്പെട്ടു. ഒരു സംവിധായകൻ എന്ന നിലയിൽ അദ്ദേഹം ഈ സിനിമ ഒരു നിർമാതാവിനെ ഏൽപ്പിക്കുമ്പോൾ അതിനോട് മാന്യത പുലർത്തേണ്ടത് ആ നിര്‍മാതാവ് ചെയ്യേണ്ടതായിരുന്നു. മൂന്ന് തവണ പടം റിലീസ് ചെയ്യാന്‍ ഡേറ്റ് പ്രഖ്യാപിച്ചു. ഞങ്ങള്‍ അണിയറക്കാര്‍ പടം റിലീസ് ആകുമോ എന്ന് നിർമാതാവിനോട് ചോദിക്കും. അപ്പോഴും അദ്ദേഹത്തിനറിയാം പടം റിലീസ് ആകില്ലെന്ന്. പക്ഷേ ഞങ്ങളെ പ്രമോഷനും മറ്റും അഭിമുഖം നല്‍കാന്‍ വിടും, അതു വഴി മാധ്യമങ്ങളെയും ഉപയോഗിച്ചു. അത് നല്ല കാര്യമായി തോന്നിയില്ല.
ഇറങ്ങാതിരുന്ന സിനിമ അവസാന നിമിഷത്തില്‍ ലിസ്റ്റിനാണ് ഏറ്റെടുത്തത്. ലിസ്റ്റിന്‍ ഈ പടം കണ്ട് ഇഷ്ടപ്പെട്ടു. ഇതിനകത്തുള്ള ഊരാക്കുടുക്ക് അഴിക്കുക എന്നത് ഭയങ്കര പാടായിരുന്നു. ഒരുഘട്ടത്തില്‍ ഞാന്‍ ഈ പടം റിലീസ് ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിന്‍റെ സാമ്പത്തിക ബാധ്യത മുഴുവന്‍ ഞാൻ ഏറ്റെടുത്താല്‍ സമ്മതിക്കാം എന്നാണ് നിര്‍മാതാവ് പറഞ്ഞത്. കോടികളുടെ ബാധ്യത തലയില്‍ വയ്ക്കാന്‍ അന്ന് എനിക്ക് കഴിയില്ലായിരുന്നു. അതുകൊണ്ടാണ് അന്ന് റിലീസ് ആകാതിരുന്നത്.
ലിസ്റ്റിന്റെ ബന്ധങ്ങൾവച്ച് എല്ലാവരെയും വ്യക്തിപരമായി കണ്ട് ഫിനാൻസിയേഴ്സുമായി പല തരത്തിലുള്ള എഗ്രിമെന്റ് വച്ച് ഓരോ ആളുകളിൽ നിന്നുള്ള സാമ്പത്തിക ബാധ്യതകൾ അഴിച്ചഴിച്ചാണ് ഇവിടെ എത്തിയിരിക്കുന്നത്. മാത്രമല്ല ഇതിന്റെ പ്രമോഷന്റെ എല്ലാ കാര്യങ്ങളും ലിസ്റ്റിന്റെ ടീം ചെയ്യുന്നുണ്ട്. ലിസ്റ്റിന് ഈ സിനിമ എടുക്കേണ്ട ഒരുകാര്യവുമില്ല. അല്ലാതെ തന്നെ ഇരുപത്തിയഞ്ചോളം സിനിമകൾ പ്രൊഡക്‌ഷൻ നടക്കുന്നുണ്ട്. അങ്ങനെയൊരാൾ ഈ സിനിമയുടെ കൂടെ നിന്നതിൽ ഞങ്ങൾക്കെല്ലാം അദ്ദേഹത്തിനോട് കടപ്പാടുണ്ട്.
പൂർണിമ ഉൾപ്പടെ അഭിനേതാക്കൾ അവരുടെ പ്രതിഫലത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്തു. മാത്രമല്ല സാങ്കേതിക പ്രവർത്തകരും സഹകരിച്ചിട്ടുണ്ട്. നിർമാതാക്കളുടെ അസോസിയേഷനും ഈ സിനിമയുടെ കൂടെ നിന്നു.’’–നിവിൻ പോളി പറഞ്ഞു.