ദുബൈ: പുതുവത്സര ഓഫര്‍ പ്രഖ്യാപിച്ച് ഇത്തിഹാദ് എയര്‍വേയ്സ്. പരിമിത കാലത്തേക്കാണ് ഈ പുതിയ ഓഫര്‍ ലഭിക്കുക. തെരഞ്ഞെടുത്ത ഡെസ്റ്റിനേഷനുകളിലേക്കാണ് ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഈ മാസം 13നും 18നും ഇടയില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് പുതിയ ഓഫര്‍ ലഭിക്കുക. അബുദാബിയില്‍ നിന്ന് കോഴിക്കോടേക്ക് ഇക്കണോമി ക്ലാസിന് 895 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. ഈ മാസം 23നും ജൂണ്‍ 15നും ഇടയില്‍ ഈ ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാം. ക്വാലാലംപൂര്‍, ബാങ്കോക്ക്, ഒസാക്ക എന്നിവയാണ് ടിക്കറ്റ് നിരക്കില്‍ ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ള മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍.
പോര്‍ച്ചുഗല്‍, ലിസ്ബന്, കോപന്ഹേഗന്, മ്യൂണിച്, ബാവറിയ, ജര്‍മ്മനി എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ഇത്തിഹാദ് ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി ഒന്ന് മുതല്‍ അബുദാബിയില്‍ നിന്ന് കോഴിക്കോടേക്കും തിരുവനന്തപുരത്തേക്കും ഇത്തിഹാദ് സര്‍വീസ് ആരംഭിച്ചതിന് പിന്നാലെയാണ് ഓഫര്‍. കോഴിക്കോടേക്കും തിരുവനന്തപുരത്തേക്കും രണ്ട് നോണ്‍ സ്റ്റോപ്പ് സര്‍വീസുകളാണ് ഇത്തിഹാദ് ആരംഭിച്ചത്. ഇതോടെ ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള ഇത്തിഹാദ് സര്‍വീസുകളുടെ എണ്ണം 10 ആയി ഉയര്‍ന്നു.