കല്‍പ്പറ്റ: കടുവാ ഭീതി ഒഴിഞ്ഞതിന് പിന്നാലെ വയനാട്ടില്‍ വീണ്ടും വന്യജീവി ആക്രമണം. റാട്ടകൊല്ലിയില്‍ യുവാവിനെ പുലി ആക്രമിച്ചു. എസ്റ്റേറ്റ് വാച്ചറായ വിനീതിനെയാണ് പുലി ആക്രമിച്ചത്. ആക്രമണത്തില്‍ വിനീതിന്റെ കൈക്ക് പരിക്കേറ്റു. ഇയാളെ കൈനാട്ടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ലെന്ന് വിവരം.
വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയായി. ഇന്ന് രാവിലെയാണ് വീടിന് സമീപത്ത് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. രാധയെ കൊന്ന അതേ കടുവ തന്നെയാണിതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട രാധയുടെ വസ്ത്രം, കമ്മല്‍, മുടി എന്നിവ കടുവയുടെ വയറ്റില്‍ നിന്നും കണ്ടെത്തി. മരണകാരണം കടുവയുടെ കഴുത്തിലുണ്ടായ മുറിവെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കടുവയുടെ കഴുത്തില്‍ ഏറ്റുമുട്ടലില്‍ സംഭവിച്ച നാല് മുറിവുകള്‍ ഉണ്ടായിരുന്നു. ഉള്‍വനത്തില്‍ വെച്ച് മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയപ്പോള്‍ ഉണ്ടായ മുറിവെന്നാണ് നിഗമനം.
ഇന്നലെയുണ്ടായ ഏറ്റമുട്ടലിലാണ് കടുവയ്ക്ക് പരിക്കേറ്റത്. ഈ മുറിവുകള്‍ മരണകാരണമായെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ പറഞ്ഞു.