കണ്ണൂർ : അടയ്ക്കാത്തോട് ജനവാസമേഖലയിൽ ഇങ്ങിയ കടുവയെ പിടിച്ചു. മയക്കുവെടി വച്ചാണ് കടുവയെ പിടികൂടിയത്. രണ്ടാഴ്ചയോളമായി പ്രദേശത്ത് ഭീതി പരത്തി കറങ്ങിനടക്കുകയായിരുന്നു കടുവ. ഇക്കഴിഞ്ഞ അഞ്ച് ദിവസത്തോളമായി കടുവയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ പ്രദേശത്ത് നടന്നുവരികയായിരുന്നു. നാട്ടുകാരുടെയും വനംവകുപ്പിന്റെയും നേതൃത്വത്തില്‍ നടന്ന തിരച്ചിലില്‍ പക്ഷേ കടുവയെ കണ്ടെത്താനായിരുന്നില്ല. ഇടയ്ക്ക് കടുവയെ കാണുമെങ്കിലും മയക്കുവെടി വയ്ക്കാനുള്ള സൗകര്യത്തില്‍ ഇതിനെ കണ്ടുകിട്ടുന്നില്ലായിരുന്നു. ഇന്നലെയും ഇതുപോലെ കരിയൻകാപ്പ് യക്ഷിക്കോട്ടയിലും രാജമലയിലും കടുവയെ കണ്ടതായി നാട്ടുകാര്‍ അറിയിച്ചിരുന്നു.
കടുവയെ പിടികൂടാൻ സാധിക്കാതിരുന്ന സാഹചര്യത്തില്‍ അടയ്ക്കാത്തോട്ടില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. പരുക്കേറ്റതെന്ന് സംശയിക്കുന്ന കടുവ വീട്ടുപരിസരങ്ങളിലും പറമ്പുകളിലുമെല്ലാം സ്വൈര്യവിഹാരം നടത്തുകയായിരുന്നു. ഇത് വലിയ രീതിയിലുള്ള ഭയാശങ്കകളാണ് പ്രദേശവാസികളിലുണ്ടാക്കിയത്. കടുവ വീട്ടുമുറ്റത്തും പറമ്പിലുമെല്ലാം നടക്കുന്നത് സിസിടിവി ക്യാമറകളില്‍ പതിഞ്ഞിരുന്നു. ഈ വീഡിയോകളും ഫോട്ടോകളുമെല്ലാം വലിയ രീതിയില്‍ പങ്കുവയ്ക്കപ്പെടുകയും ചെയ്തിരുന്നു.