തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാകേന്ദ്രമായ പൊന്മുടിയില് വീണ്ടും പുള്ളിപ്പുലിയിറങ്ങി. ഇന്ന് രാവിലെയാണ് പൊന്മുടി സ്കൂളിന് സമീപം പുലിയെ കണ്ടത്. വനം വകുപ്പ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ഡിസംബര്‍ 26നും പൊന്മുടിയില് പുലിയിറങ്ങിയിരുന്നു. ഒരാഴ്ചക്ക് ശേഷം വീണ്ടും പുലിയിറങ്ങിയതോടെ പ്രദേശവാസികള്‍ പരിഭ്രാന്തിയിലാണ്.
കഴിഞ്ഞ തവണ രാവിലെ 8.30 ന് പൊന്മുടി പൊലീസ് സ്റ്റേഷന്റെ മുൻവശത്തായിട്ടാണ് പുള്ളിപ്പുലിയെ കണ്ടത്. സ്റ്റേഷനില്‍ ഡ്യൂട്ടിക്ക് ഉണ്ടായിരുന്ന പൊലീസുകാരാണ് പുള്ളിപ്പുലിയെ ആദ്യം കണ്ടത്. സ്റ്റേഷനു മുന്നിലുള്ള റോഡ് മുറിച്ച് കടന്ന് കാട്ടിലേക്ക് കയറി പോകുകയായിരുന്നു പുലി.
ഉടൻതന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ വനംവകുപ്പിനെ വിവരം അറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുള്ളിപ്പുലിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
പുള്ളിപ്പുലിയെ കണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ പൊന്മുടിയും പരിസരപ്രദേശങ്ങളും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്. ക്രിസ്മസ്- പുതുവത്സര അവധി ദിനങ്ങള്‍ കഴിഞ്ഞതോടെ സഞ്ചാരികളുടെ കുറവ് അനുഭവപ്പെട്ടത് ആശ്വാസമാണ്. എങ്കിലും വിനോദ സഞ്ചാരികള്‍ ധാരാളമെത്തുന്ന പൊന്മുടിയില് പുള്ളിപ്പുലിയുടെ സാന്നിധ്യം വലിയ ആശങ്കകള്‍ക്ക് ഇടയാക്കുന്നുണ്ട്.