മരണകാരണം കഴുത്തിലുണ്ടായ മുറിവ്; വയനാട്ടിൽ ചത്ത നിലയിൽ കണ്ടെത്തിയ നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി

വയനാട്: വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയായി. ഇന്ന് രാവിലെയാണ് വീടിന് സമീപത്ത് കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. രാധയെ കൊന്ന അതേ കടുവ തന്നെയാണിതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട രാധയുടെ വസ്ത്രം, കമ്മല്‍, മുടി എന്നിവ കടുവയുടെ വയറ്റില്‍ നിന്നും കണ്ടെത്തി. മരണകാരണം കടുവയുടെ കഴുത്തിലുണ്ടായ മുറിവെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം.

Advertisements

കടുവയുടെ കഴുത്തില്‍ ഏറ്റുമുട്ടലില്‍ സംഭവിച്ച നാല് മുറിവുകള്‍ ഉണ്ടായിരുന്നു. ഉള്‍വനത്തില്‍ വെച്ച്‌ മറ്റൊരു കടുവയുമായി ഏറ്റുമുട്ടിയപ്പോള്‍ ഉണ്ടായ മുറിവെന്നാണ് നിഗമനം. ഇന്നലെയുണ്ടായ ഏറ്റമുട്ടലിലാണ് കടുവയ്ക്ക് പരിക്കേറ്റത്. ഈ മുറിവുകള്‍ മരണകാരണമായെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ പറ‍ഞ്ഞു.
ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് പിലാക്കാവില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയത്. രാത്രി 12.30 തോടെയാണ് അവശനിലയിലായ കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാടിനുള്ളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കപ്പെട്ട സ്ഥലത്ത് ആയിരുന്നു കടുവയെ ആദ്യം അവശനിലയില്‍ കണ്ടത്. 2 മണിക്കൂർ നേരം കടുവയ്ക്കു പിറകെ പോയി. പിന്നീടാണ് ചത്ത നിലയില്‍ കണ്ടെത്തിയത്. മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കഴിഞ്ഞ 24നാണ് കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടത്. കാപ്പി പറിക്കാന്‍ പോയ സമയത്താണ് വനംവകുപ്പ് താത്കാലിക വനംവാച്ചറായ അപ്പച്ചന്റെ ഭാര്യ രാധയെ കടുവ ആക്രമിച്ചത്. രാവിലെ എട്ടരയോടെയാണ് ഇവര്‍ കാപ്പിതോട്ടത്തിലേക്ക് പോയത്. സാധാരണ പരിശോധനക്കെത്തിയ തണ്ടര്‍ബോള്‍ട്ട് സംഘമാണ് രാധയുടെ മൃതദേഹം കണ്ടെത്തിയത്. പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. സ്ഥലത്ത് പ്രദേശവാസികളുടെ പ്രതിഷേധം രൂക്ഷമായതോടെയാണ് നരഭോജി കടുവയെ വെടിവെച്ച്‌ കൊല്ലാന്‍ ഉത്തരവിട്ടത്.

Hot Topics

Related Articles