പരിക്ക് ഭേദമായി ആസിഫ് സെറ്റിലെത്തി; ടിക്കി ടാക്ക രണ്ടാം ഷെഡ്യൂൾ പുരോഗമിക്കുന്നു

കൊച്ചി: ആസിഫ് അലിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രമായ ‘ടിക്കി ടാക്ക’യുടെ   രണ്ടാം ഷെഡ്യൂൾ ചെല്ലാനത്ത് പുരോഗമിക്കുന്നു. കള എന്ന ചിത്രത്തിന് ശേഷം രോഹിത്ത് വി.എസ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷൻ എന്റർടൈനർ ഴോണറിൽ ആണ് ഒരുങ്ങുന്നത്. 

Advertisements

സിനിമയുടെ ഭാഗമായി നടന്ന സ്റ്റണ്ട് പരിശീലനത്തിനിടെ ആസിഫിന്റെ മുട്ടുകാലിനു ഗുരുതരമായി പരുക്കേൽറ്റതിനെ തുടർന്ന് അഞ്ചു മാസത്തെ വിശ്രമത്തിന് ശേഷമാണ് താരം വീണ്ടും ചിത്രത്തിന്റെ ഭാഗമായിരിക്കുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആക്ഷന് പ്രാധാന്യം നൽകിയുള്ള ചിത്രത്തിൽ ഇന്തോനേഷ്യയിൽ നിന്നുള്ള ഉദേ നൻസ് എന്ന ഫൈറ്റ് മാസ്റ്ററാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. ‘ദ് റെയ്ഡ് റിഡെംപ്ഷൻ’ എന്ന ഹോളിവുഡ് ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ഒരുക്കിയതും ഇദ്ദേഹമായിരുന്നു.

ആസിഫ് അലിക്കൊപ്പം ഹരിശ്രീ അശോകൻ, നസ്ലിൻ, ലുക്മാൻ അവറാൻ, വാമിക ഖബ്ബി, സഞ്ജന നടരാജ്, സന്തോഷ് പ്രതാപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ആസിഫ് അലി ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ടിക്കി ടാക്ക. തന്റെ കെ.ജി.എഫ് ആണ് ടിക്കി ടാക്കയെന്ന് ആസിഫ് അലി ഒരു അഭിമുഖത്തിൽ പറഞ്ഞത് ഏറെ വൈറൽ ആയിരുന്നു. 

ടിക്കി ടാക്കയുടെ ചിത്രീകരണത്തിനിടെ പരിക്ക് പറ്റിയ സമയത്ത് താൻ ഏറെ വിഷമിച്ചിരുന്നുവെന്നും, തന്റെ കരിയറിലെ ഏറ്റവും നല്ല സമയത്തായിരുന്നു ഇങ്ങനെ ഒരു അപകടമെങ്കില്‍ ഇതൊരു അവധിസമയമായിട്ട് കണക്കാക്കിയേനെ. എന്നാല്‍, ഏറ്റവും മോശം സമയത്താണ് ഇത് സംഭിവിച്ചത് എന്നും ഈ അടുത്ത് മറ്റൊരു അഭിമുഖത്തിൽ  ആസിഫ് അലി പറഞ്ഞിരുന്നു.

നൂറ്റി ഇരുപത് ദിവസം കേരളത്തിന് അകത്തും പുറത്തുമായി വിവിധ ലൊക്കേഷനുകളിൽ ആണ് ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുക. വിവിധ ഗെറ്റപ്പുകളിൽ ആണ് ആസിഫ് ചിത്രത്തിൽ എത്തുന്നത് എന്നും റിപോർട്ടുകൾ ഉണ്ട്. പി.ആർ.ഓ: റോജിൻ കെ റോയ്.

ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച ‘രേഖാചിത്രം’  ആയിരുന്നു ആസിഫ് അലി അവസാനമായി അഭിനയിച്ച് തീയറ്ററില്‍ റിലീസ് ചെയ്ത ചിത്രം. ആസിഫ് അലിയുടെ കരിയർ ബെസ്റ്റ് ഓപ്പണിങ് ചിത്രമായി രേഖാചിത്രം മാറിയിരുന്നു. ആസിഫ് അലി നായകനായെത്തിയ ചിത്രത്തിലെ നായിക വേഷം അനശ്വര രാജനാണ് അവതരിപ്പിച്ചത്. 80കളിലെ ലുക്കിലാണ് അനശ്വര പ്രത്യക്ഷപ്പെട്ടത്. മനോജ് കെ ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായികുമാർ, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. 

Hot Topics

Related Articles