തിരുവനന്തപുരം : തക്കാളിയുടെ വില കുതിച്ചുയര്‍ന്നത് സാധാരണക്കാരുടെ ജീവിത ഭാരം വര്‍ധിപ്പിച്ചു.നിത്യജീവിതത്തില്‍ പ്രധാന സ്ഥാനമുള്ള തക്കാളി വീട്ടിലെ അടുക്കള തോട്ടത്തില്‍ കൃഷി ചെയ്യാവുന്ന ഒരു വിളയാണ്. ഇതിലൂടെ വിലവര്‍ധനയുടെ ആശങ്കകള്‍ നേരിടാനുമാവും. ചെടിച്ചട്ടികള്‍, ചാക്കുകള്‍, ഗ്രോബാഗുകള്‍ ഇതിലെല്ലാം തക്കാളി കൃഷി ചെയ്യാം. തക്കാളിക്ക് ആവശ്യ മൂലകങ്ങള്‍ ലഭിച്ചാല്‍ നല്ല വിളവ് കിട്ടുകയും ചെയ്യും. ഉരുളക്കിഴങ്ങ് കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ വിളയാണിത്. വിറ്റാമിന്‍ എ, സി, പൊട്ടാസ്യം, ധാതുക്കള്‍ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് തക്കാളി.
കളിമണ്ണ്, കറുത്ത മണ്ണ്, ശരിയായ നീര്‍വാര്‍ച്ചയുള്ള ചുവന്ന മണ്ണ് എന്നിങ്ങനെ വിവിധതരം മണ്ണില്‍ ഇത് വളര്‍ത്താം. നല്ല നീര്‍വാര്‍ച്ചയുള്ള മണല്‍ നിറഞ്ഞ മണ്ണില്‍ കൃഷി ചെയ്യുമ്ബോള്‍ മികച്ച ഫലം നല്കുന്നു. നല്ല വളര്‍ച്ചയ്ക്ക് മണ്ണിന്റെ പി എച്ച് മൂല്യം 7-8.5 ആയിരിക്കണം. അസിഡിറ്റി കൂടുതലുള്ള മണ്ണില്‍ കൃഷി ചെയ്യുന്നത് ഒഴിവാക്കുക. ചൂടുകാല വിളയാണ് തക്കാളി. നീണ്ട വരള്‍ച്ചയും കനത്ത മഴയും വളര്‍ച്ചയെയും കായ്ക്കുന്നതിനെയും ദോഷകരമായി ബാധിക്കുന്നു. 28-32ഡിഗ്രി ചൂടാണ് തക്കാളിക്ക് അനുകൂല താപനില. ആവശ്യത്തിന് സൂര്യ പ്രകാശം വേണം. മഴക്കാലത്ത് കൃഷി ചെയ്യുന്നവര്‍ക്ക് ഗ്രീൻ ഹൗസ് വിദ്യകള്‍ പരീക്ഷിക്കാവുന്നതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൃഷി രീതി
ആദ്യം തക്കാളി വിത്തുകള്‍ പാകി മുളപ്പിക്കുക. പിന്നീട് വിത്തുകള്‍ ഒരു മണിക്കൂര്‍ രണ്ടു ശതമാനം വീര്യം ഉള്ള സ്യുഡോമോണാസ് ലായനിയില്‍ മുക്കി വെക്കുന്നത് വളരെ നല്ലതാണ്. ഒരു മാസം പ്രായമായ തൈകള്‍ പറിച്ചു നടാം. (കൃഷി കേന്ദ്രങ്ങളില്‍ നിന്ന് മുളപ്പിച്ച നല്ലയിനം തൈകള്‍ വാങ്ങാനും കിട്ടും.) നേരിട്ട് മണ്ണില്‍ നടുമ്പോള്‍ മണ്ണ് നന്നായി കിളച്ചിളക്കുക. മണ്ണ് അമ്ലമാണെങ്കില്‍ കുമ്മായം ആവശ്യമാണ്. ചാക്ക്, ഗ്രോബാഗ് ആണെങ്കില്‍ മണ്ണ്, ചാണകപ്പൊടി, ചകിരിചോറ് ഇവ തുല്യ അളവില്‍ ചേര്‍ത്ത് ഇളക്കി നടാം. ചെടി വളര്‍ന്നു വരുമ്പോള്‍ താങ്ങ് കൊടുക്കണം. സ്യുഡോമോണാസ് ലായനി 10 ദിവസം അല്ലെങ്കില്‍ രണ്ടാഴ്ച കൂടുമ്പോള്‍ ഒഴിച്ച് കൊടുക്കാന്‍ ശ്രദ്ധിക്കുക.
തക്കാളിക്ക് വളരെ ശ്രദ്ധാപൂര്‍വം ജലസേചനം ആവശ്യമാണ്. ഈര്‍പ്പം തുല്യമായി നിലനിര്‍ത്തേണ്ടത് ആവശ്യമാണ്. രാസവളം ഒഴിവാക്കി ജൈവ വളങ്ങള്‍ തന്നെ നല്‍കുന്നതായിരിക്കും മികച്ചത്. ചാണകപ്പൊടി, വേപ്പിന് പിണ്ണാക്ക്, എല്ലുപൊടി, കടല പിണ്ണാക്ക് എന്നിവ അടിവളമായി നല്‍കുക. നാലോ അഞ്ചോ ഇല വളര്‍ച്ചയായ തൈകള്‍ പറിച്ചു തടത്തിലോ, ഗ്രോബാഗിലോ നടാം. തൈകള്‍ക്ക് താങ്ങ് നല്കാൻ ശ്രദ്ധിക്കുക. ഇലച്ചുരുള്‍, വേരുചീയല്‍, ഫലം ചീയല്‍, പലവിധ കുമിളു രോഗങ്ങള്‍, ബാക്ടീരിയല്‍ വാട്ടം എന്നിവയാണ് തക്കാളിയെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍. വാട്ടം ഉള്ള ചെടികള്‍ വേരോടെ നശിപ്പിക്കുക.