മലപ്പുറം: മലപ്പുറം ജില്ലയില്‍ രണ്ടാഴ്ചക്കിടെ ട്രെയിൻ അപകടത്തില്‍ പൊലിഞ്ഞത് ഏഴ് മനുഷ്യജീവനുകള്‍. പാളത്തില്‍ നിന്നും ട്രെയിൻ തട്ടിയാണ് അപകട മരണങ്ങളേറെയും. പതിനഞ്ച് ദിവസത്തിനിടെ അഞ്ച് പേരാണ് ജില്ലയില്‍ ട്രെയിൻ തട്ടി മാത്രം മരണപ്പെട്ടത്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് താഴേക്ക് വീണ് മരിക്കുന്നവരുടെ എണ്ണവും ചെറുതല്ല. രണ്ടാഴ്ചക്കിടെ രണ്ട് ജീവനുകള്‍ ഇത്തരത്തില്‍ പൊലിഞ്ഞിട്ടുണ്ട്. ഇവരില്‍ മൂന്ന് പേർ വിദ്യാർത്ഥികളാണ്.
കഴിഞ്ഞ ദിവസം പരപ്പനങ്ങാടി ചിറമംഗലത്ത് വെച്ച് സുഹൃത്തുക്കളോടൊപ്പം റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കവേ ചിറമംഗലം സ്വദേശി മരണപ്പെട്ടിരുന്നു. വെള്ളിയാഴ്ച കണ്ണൂരില്‍ നിന്ന് വീട്ടിലേക്ക് വരുന്ന വഴി വടകര ഇരിങ്ങലില്‍ വെച്ച് ട്രെയിനില്‍ നിന്ന് വീണ് വള്ളിക്കുന്ന് സ്വദേശിനിയായ വിദ്യാർത്ഥിയും മരണത്തിന് കീഴടങ്ങിയിരുന്നു. ബുധനാഴ്ച കുറ്റിപ്പുറത്ത് വെച്ച് ട്രെയിനില്‍ നിന്ന് വീണ് മരിച്ച കുറ്റിപ്പുറം സ്വദേശിയും നവംബർ രണ്ടിന് താനൂരില്‍ വെച്ച് ട്രെയിൻ തട്ടി മരണപ്പെട്ട പരിയാപുരം സ്വദേശിയും, ഒക്ടോബർ 31ന് തൃശുരില്‍ വെച്ച് ട്രെയിൻ തട്ടി വിധിക്ക് കീഴടങ്ങിയ കാളികാവ് സ്വദേശിയായ വിദ്യാർത്ഥിയും ട്രെയിൻ അപകടങ്ങളുടെ ഇരകളാണ്.