കണ്ണൂർ: കാസര്‍ഗോഡ് , കണ്ണൂര്‍, കോഴിക്കോട് ഭാഗങ്ങളിലേക്ക് നിത്യേന യാത്ര ചെയ്യുന്ന ട്രെയിൻ യാത്രികരുടെ ദുരിതം ഒഴിയുന്നില്ല. യാത്രക്കാരെ കുത്തിനിറച്ചാണ് ട്രെയിനുകളെലാം ഓടുന്നത്. തിരക്ക് മൂലം യാത്രക്കാര്‍ ശ്വാസം കിട്ടാതെ ബോധമറ്റ് വീഴുന്നതും പരുക്കേല്‍ക്കുന്നതും നിത്യ സംഭവമായി മാറിയിരിക്കുകയാണ്.
ചൊവ്വാഴ്ച രാവിലെ മംഗളൂരു-നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസില്‍ ലേഡീസ് കോച്ചിലെ തിക്കിലും തിരക്കിലുംപെട്ട് പെണ്‍കുട്ടി തളര്‍ന്നുവീണു. കൊല്ലത്ത് പഠിക്കുന്ന വിദ്യാര്‍ഥിനിക്ക് കോഴിക്കോട് എത്തും മുമ്പാണ് തളര്‍ച്ച അനുഭവപ്പെട്ടത്. പരശുറാം എക്സ്പ്രസില്‍ മൂന്നുമാസത്തിനിടെ പത്തുപേരാണ് കുഴഞ്ഞുവീണത്.
വന്ദേഭാരത് ഉള്‍പ്പെടെയുള്ള വണ്ടികള്‍ക്കുവേണ്ടി മറ്റു ട്രെയിനുകള്‍ ഏറെ നേരം പിടിച്ചിടുന്നതാണ് യാത്രക്കാര്‍ക്ക് ദുരിതമാകുന്നത്. വാതില്‍ പടിയില്‍ പോലും തൂങ്ങിക്കിടന്ന് അപകടകരമായ രീതിയിലാണ് പലരും യാത്രചെയ്യുന്നത്. ട്രെയിനില്‍ കയറിപ്പറ്റാനാകാതെ യാത്രയില്‍ നിന്ന് പിന്തിരിയുന്നവരും നിരവധിയാണ്. കോഴിക്കോടിനും കാസര്‍കോടിനും ഇടയില്‍ ഓടുന്ന ട്രെയിനുകളില്‍ ശാരീരിക വൈകല്യമുള്ളവര്‍, ആരോഗ്യപ്രശ്നങ്ങളുള്ള വ്യക്തികള്‍, മുതിര്‍ന്ന പൗരന്മാര്‍, കുട്ടികള്‍, കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവര്‍ എന്നിവരെല്ലാം കാര്യമായ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. മറ്റ് നിവൃത്തിയില്ലാത്തതിനാല്‍ ജീവൻ പണയപ്പെടുത്തി യാത്ര ചെയ്യണ്ട ഗതികേടിലാണ് ജനങ്ങള്‍.