കോട്ടയം: പറഞ്ഞതൊന്നും പ്രവർത്തി മറ്റൊന്ന് എന്ന രീതിയിലാണ് ട്രാവൻകൂർ സിമന്റ്‌സിലെ കാര്യങ്ങൾ മുന്നോട്ടു പോകുന്നത്. ഒരു വർഷം മുൻപ് ആഘോഷത്തോടെ ഉദ്ഘാടനം ചെയ്ത പദ്ധതികളുടെ അവസ്ഥ പരിശോധിച്ചാലറിയാം സർക്കാർ ട്രാവൻകൂർ സിമന്റ്‌സിന് എത്ര പരിഗണന നൽകുന്നുണ്ട് എന്ന്. കഴിഞ്ഞ വർഷം വൻ ആഘോഷത്തോടെ ഉദ്ഘാടനം ചെയ്ത പദ്ധതികളൊന്നും തന്നെ ഇന്ന് എങ്ങുമെത്തിയിട്ടില്ല. സംസ്ഥാനത്ത് പത്ത് ജില്ലകളിൽ വാൾപുട്ടി നിർമാണ യൂണിറ്റ് ആരംഭിക്കുന്ന പദ്ധതിയാണ് കഴിഞ്ഞവർഷം ഇതേ സമയത്ത് ഉദ്ഘാടനം ചെയ്തത്.
ട്രാവൻകൂർ സിമന്റ്‌സിന്റെ ആധുനിക വൽക്കരണത്തിന് നാലു കോടി രൂപ നൽകിയെങ്കിലും ഇതുവരെയും ഈ തുക നവീകരണ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാൻ കമ്പനിയ്ക്ക് സാധിച്ചിട്ടില്ല. ഈ തുക കമ്പനി ഇപ്പോൾ ബാങ്കിൽ ഫിക്‌സഡ് ഡെപ്പോസിറ്റായി ഇട്ടിരിക്കുകയാണ്. ഇത്തരത്തിൽ നവീകരണത്തിന് നൽകിയ തുക ഫിക്‌സഡ് ഡെപ്പോസിറ്റായി ഇട്ടിരിക്കുന്ന ഏക പൊതുമേഖല സ്ഥാപനം എന്ന ഖ്യാതിയും ട്രാവൻകൂർ സിമന്റ്‌സിനു മാത്രം സ്വന്തമാണ്. മറ്റു പൊതുമേഖല സ്ഥാപനങ്ങളിൽ നിന്നും പത്തുലക്ഷം രൂപ എങ്കിലും തരണം എന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷകൾ കെട്ടിക്കിടക്കുമ്പോഴാണ്, പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് അനുവദിച്ച തുക ബാങ്കിൽ ഫിക്‌സഡി ഡിപ്പോസിറ്റ് ഇട്ടുകൊണ്ടു കമ്പനി ക്രമക്കേടിനു വഴിയൊരുക്കിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്ത പദ്ധതി നിലവിൽ കണ്ണൂരിൽ മാത്രമാണ് പേരിനെങ്കിലും ആരംഭിച്ചിരിക്കുന്നത്. മറ്റു ജില്ലകളിൽ ഒന്നും പദ്ധതിയുടെ ചർച്ച പോലും നടന്നിട്ടില്ല എന്നാണ് ആരോപണമുയരുന്നത്. കമ്പനിയുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായാണ് വലിയ ആഘോഷത്തോടെ ഉദ്ഘാടന പദ്ധതികൾ നടന്നത്. എന്നാൽ ഇതുവരെയും കമ്പനിയുടെ ഭാഗത്തുനിന്നും പദ്ധതികൾക്കായി യാതൊരുവിധ നീക്കവും ഉണ്ടായിട്ടില്ല. ഇതുകൂടാതെ വൈദ്യുതി വകുപ്പിന്റെ കോൺക്രീറ്റ് പോസ്റ്റുകൾ നിർമിക്കുന്നതിനുള്ള ഓർഡർ
ട്രാവൻകൂർ സിമന്റ്‌സിനു നൽകുമെന്നും ഉദ്ഘാടന ചടങ്ങിൽ മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രഖ്യാപനം നടന്ന് ഒരു വർഷം കഴിഞ്ഞിട്ടും ഇതുവരെയും കോൺക്രീറ്റ് പോസ്റ്റുകളിൽ ഒരെണ്ണംപോലും പുറത്തിറക്കാൻ കമ്പനി അധികൃതർക്ക് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ നിലവിൽ കടുത്ത പ്രതിസന്ധിയാണ് ട്രാവൻകൂർ സിമന്റ്‌സ് നേരിടുന്നത്.
ഉദ്ഘാടനത്തിനായി മന്ത്രി നേരിട്ടെത്തിയപ്പോൾ വിരമിച്ച തൊഴിലാളികളിൽ ബാക്കിയുള്ള മുഴവൻ പേർക്കും ആനുകൂല്യങ്ങൾ ഉടൻ നൽകും എന്ന് മന്ത്രി പ്രഖ്യാപിച്ചു. 5 കോടി രൂപ അതിനുവേണ്ടി നീക്കിവെച്ചിട്ടുണ്ട് എന്നും പറഞ്ഞു.അതിൽ ഒരുകോടി 27 ലക്ഷം രൂപ മാത്രമാണ് റിട്ടയർ ചെയ്ത തൊഴിലാളികൾക്ക് കൊടുത്തത്. അഞ്ചു കോടിയിൽ ബാക്കി തുക ഉദ്യോഗസ്ഥരടക്കം ഉള്ള നിലവിലുള്ള തൊഴിലാളികളുടെ പി എഫ് കുടിശ്ശിക അടയ്ക്കാനും ജി എസ് ടി കുടിശ്ശിക അടക്കാനും ആണ് വിനിയോഗിച്ചത്. പുറമേ പറയുന്നത് വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ ക്കായി അഞ്ചു കോടി രൂപ കൊടുത്തു തീർത്തു എന്നാണ്. എന്നാൽ മന്ത്രി പോയതിനുശേഷം ഒരാൾക്കുപോലും റിട്ടയർമെന്റ് ആനുകൂല്യം കൊടുക്കുവാൻ മാനേജ്‌മെന്റിന് സാധിച്ചില്ല. നൂറിനു അടുത്ത് തൊഴിലാളികൾ ക്കാണ് കുടിശ്ശിക ലഭിക്കുവാനുള്ളത്. 2022 ഏപ്രിൽ മാസം ആകുമ്പോഴേക്കും വിരമിച്ച തൊഴിലാളികൾ കൂടുതലും പെർമനൻറ് ജീവനക്കാരുടെ എണ്ണം കുറവും ആവുന്ന സ്ഥിതിയിലേക്കാണ് എത്തുന്നത്. കമ്പനിയുടെ കൈവശമുള്ള കാക്കനാട്ടുള്ള ഭൂമി വിൽക്കുന്നതിനും ഇതിൽ നിന്നും ലഭിക്കുന്ന തുക ഉപയോഗിച്ച് വിരമിച്ച തൊഴിലാളികളുടെ പി എഫ് ഗ്രാറ്റിവിറ്റി തുക അടക്കം നൽകുന്നതിനും തീരുമാനം എടുത്തിരുന്നു.
എന്നാൽ കാക്കനാട്ടെ ഭൂമി കിൻഫ്ര യുമായി വില ഉറപ്പിച്ച് എഗ്രിമെന്റ് ഒപ്പിട്ടു ക്യാബിനറ്റിൽ പാസായി അഞ്ചുകോടി രൂപ അഡ്വാൻസും വാങ്ങിയിട്ട് ഒരുവർഷം കഴിഞ്ഞപ്പോൾ കിൻഫ്ര പറയുന്നു ഈ വിലയ്ക്ക് ഭൂമി എടുക്കാൻ പറ്റില്ല എന്നു. ഗവൺമെന്റും മാനേജ്‌മെന്റും അതിനു കൂട്ടുനിൽക്കുകയാണ് എന്നും ആരോപണം ഉണ്ട്.
2017മുതൽ ഉള്ള ജി എസ് ടി മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥത മൂലം അടക്കാതിരുന്നതിനാൽ കുടിശ്ശിക അമിതമായ തോതിൽ ഉയർന്നു. എഫ് ഡി ആയും അല്ലാതെയും ബാങ്കിൽ ആറു കോടി യോളം രൂപ കിടക്കെ ആണ് വിരമിച്ച ജീവനക്കാർക്കായി ലഭിക്കുന്ന തുകയിൽ നിന്നും ഴേെ അടക്കുവാൻ മാനേജ്‌മെന്റ് വെമ്പൽ കൂട്ടുന്നതെന്നും പറയുന്നു. കമ്പനിക്ക് വിറ്റുവരവ് കാര്യത്തിൽ പോലും കൃത്യമായ ഇടപെടൽ നടത്താൻ സാധിക്കുന്നില്ല. ഇതിനിടെയാണ് ലാഭത്തിൽ ഉള്ളതും കൃത്യമായ ഓഡിറ്റിംഗ് നടത്തുന്നതുമായ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് മാത്രമേ ഇനി സർക്കാർ സഹായം നൽകു എന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. മാനേജ്‌മെന്റിന്റെ കെടുകാര്യസ്ഥത മൂലം 2017 മുതലുള്ള ഓഡിറ്റിങ് പോലും ഇതുവരെ പൂർത്തിയാക്കാത്ത ട്രാവൻകൂർ സിമെന്റസ് അക്ഷരാർത്ഥത്തിൽ ഇതോടെ വെട്ടിലായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കമ്പനിയെ പ്രതീക്ഷിച്ച് മുന്നോട്ടുപോകുന്ന ജീവനക്കാരും കമ്പനിയിൽ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങൾ പ്രതീക്ഷിച്ചിരിക്കുന്ന വിരമിച്ച ജീവനക്കാരുമാണ് പ്രതിസന്ധിയിലായിരിക്കുന്നത്.