തൃപ്പൂണിത്തുറയില്‍ വെടിക്കെട്ട് പുരയില്‍ ഉഗ്രസ്‌ഫോടനം; മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്, ഇരുപതോളം വീടുകള്‍ക്ക് കേടുപാട്

കൊച്ചി: തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിന് സമീപം ചൂരക്കാട് പടക്കക്കടയില്‍ ഉഗ്രസ്ഫോടനം. മൂന്നുപേർക്ക് ഗുരുതര പരിക്ക്. പതിനൊന്ന് മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. പടക്കക്കട പൂർണമായും തകർന്നു. രണ്ട് വാഹനങ്ങള്‍ കത്തിനശിച്ചതായും റിപ്പോർട്ടുണ്ട്. പുതിയകാവ് ക്ഷേത്രോത്സവത്തിനായി എത്തിച്ച പടക്കത്തിന് തീപിടിച്ചാണ് സ്ഫോടനം ഉണ്ടായത്. പാലക്കാട് നിന്ന് കൊണ്ടുവന്ന പടക്കം ടെമ്പോ ട്രാവലറില്‍നിന്ന് ഇറക്കി അടുത്തുള്ള കോണ്‍ക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. ടെമ്പോ ട്രാവലർ പൂർണമായും കത്തി നശിച്ചു. സമീപത്തുണ്ടായിരുന്ന കാറും കത്തി നശിച്ചിട്ടുണ്ട്.

Advertisements

ടെമ്പോ ട്രാവലർ ജീവനക്കാരായ മൂന്ന് പേർക്കാണ് ഗുരുതര പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സ്ഫോടനാവശിഷ്ടങ്ങള്‍ 400 മീറ്റർവരെ അകലേക്ക് തെറിച്ചുവീണു. സ്ഫോടനത്തിന്റെ അവശിഷ്ടങ്ങള്‍ സമീപത്തെ വീടുകളിലേക്കും പതിച്ചിട്ടുണ്ട്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ ഇരുപതോളം വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി. വീടുകളുടെ മേല്‍ക്കൂരകളടക്കം തകർന്നിട്ടുണ്ട്. സമീപത്തെ കടകളിലേക്കും തീ പടർന്നിരുന്നു. ആറുയൂണിറ്റ് ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് തീ പടരുന്നത് നിയന്ത്രണ വിധേയമാക്കിയത്.

Hot Topics

Related Articles