അഭിനയ മികവ് കൊണ്ടും കഥാപാത്രങ്ങളുടെ വ്യത്യസ്തത കൊണ്ടും പ്രേക്ഷകരെ ഞെട്ടിക്കുന്ന നടനാണ് ഫഹദ് ഫാസിൽ. ഭാഷയുടെ അതിർവരമ്പുകൾ തകർത്ത് ഇന്ത്യയിലാകെ ആരാധകരെയുണ്ടാക്കിയെടുക്കാൻ നടന് കഴിഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ ഫഹദ് ഫാസിലിന്റെ ആരാധികയാണ് താനെന്നും നടനൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും പറയുകയാണ് തെന്നിന്ത്യൻ നായിക തൃഷ. തഗ് ലൈഫ് എന്ന പുതിയ സിനിമയുടെ പ്രൊമോഷൻ ഇവന്റിൽ വെച്ചാണ് നടി ഇക്കാര്യം അറിയിച്ചത്.
‘ഏത് മലയാളം നടനോടൊപ്പമാണ് അഭിനയിക്കാൻ ഏറെ ആഗ്രഹം’ എന്ന അവതാരകയുടെ ചോദ്യത്തിന് ‘ഒരു സംശയവുമില്ലാതെ ഞാൻ പറയും ഫഹദ് ഫാസിൽ’ എന്നായിരുന്നു തൃഷയുടെ മറുപടി. നടനൊപ്പം ഏത് ഴോണറിലുള്ള സിനിമ ചെയ്യുവാനാണ് ആഗ്രഹം എന്ന് ചോദിച്ചപ്പോൾ ‘അങ്ങനെ പറയുവാൻ കഷ്ടമാണ്. എന്തുതരം സിനിമയാണെങ്കിലും അദ്ദേഹം ഗംഭീരമായാണ് ചെയ്യുന്നത്. ആവേശമാണ് ഈ അടുത്ത് കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം. ഏതെങ്കിലും ഒരു ഴോണർ എന്നില്ല, അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യാൻ ഞാൻ ഏറെ ആഗ്രഹിക്കുന്നു,’ എന്നും തൃഷ മറുപടി നൽകി.