ലഖ്നൗ: തമിഴ്നാട്ടില്‍നിന്ന് അയോധ്യയിലേക്ക് കരിമരുന്നുമായി പോയ ട്രക്കിന് തീപ്പിടിച്ചു. ഉത്തര്‍പ്രദേശിലെത്തിയ വാഹനത്തിന് ചൊവ്വാഴ്ച രാത്രിയാണ് തീപ്പിടിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഉന്നാവ് പൂര്‍വ കോട്വാലിയിലെ ഖാര്‍ഗി ഖേഡ ഗ്രാമത്തില്‍വെച്ചാണ് അപകടമുണ്ടായത്. സംഭവത്തെ തുടർന്ന് മുഴുവനായും കത്തിയ ട്രക്ക് മൂന്ന് മണിക്കൂറിലേറെ നേരമെടുത്താണ് തീ കെടുത്താൻ സാധിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
ജനുവരി 22-ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങിനോടനുബന്ധിച്ചുള്ള ആഘോഷപരിപാടികള്‍ക്കുള്ള കരിമരുന്നാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇക്കാര്യം ഒദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.