സഹസംവിധായകനായി വെള്ളിത്തിരയിൽ എത്തി പിന്നീട് സ്വതന്ത്ര സംവിധായകനായി തിളങ്ങിയ ആളാണ് വൈശാഖ്. പോക്കിരാജ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ തുടക്കമിട്ട വൈശാഖിന്റെ സംവിധാനത്തിൽ എത്തിയ പുലിമുരുകൻ റെക്കോർഡുകൾ സൃഷ്ടിച്ച് മുന്നേറിയിരുന്നു. മലയാള സിനിമയിലെ ആദ്യ നൂറ് കോടി ക്ലബ്ബ് ചിത്രമെന്ന ഖ്യാതി ആയിരുന്നു പുലിമുരുകൻ സ്വന്തമാക്കിയത്.
പോക്കിരി രാജ, മധുരരാജ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിച്ച ചിത്രം ആയിരുന്നു ടർബോ. അൻപത് കോടി ക്ലബ്ബിൽ ഇടംനേടി സിനിമ തിയറ്ററുകളിൽ വിജയഗാഥ രചിക്കുന്നതിനിടെ ഷൂട്ടിംഗ് വേളയിൽ മമ്മൂട്ടിയ്ക്ക് സംഭവിച്ച അപകടത്തെ കുറിച്ച് പറയുകയാണ് വൈശാഖ് ഇപ്പോൾ. ഫില്‍മി ബീറ്റിനോട് ആയിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“ഞങ്ങൾ ഒരു ഷോട്ട് എടുക്കുകയാണ്. ഒരാളെ കാലിൽ പിടിച്ച് വലിക്കണം. അയാൾ ഇങ്ങനെ ക്രോസ് ചെയ്ത് പോകും. ആ വേളയിൽ മമ്മൂക്ക മറ്റൊരാളെ കിക്ക് ചെയ്യാൻ പോകണം. ബാക് ഷോട്ടാണ്. റോപ്പ് വലിക്കുന്നവരുടെ ഡയറക്ഷൻ മാറിപ്പോയി. സൈഡിലൂടെ പോകേണ്ട ആൾ മമ്മൂക്കയുടെ നേരെ വന്നു. മമ്മൂക്കയെ ഒരറ്റ ഇടി ഇടിച്ചു. ഒരു സീൻ കഴിഞ്ഞ് എഴുന്നേറ്റ് തുടങ്ങിയ മമ്മൂക്കയാണ്. പുള്ളിയിങ്ങനെ കറങ്ങിപ്പോയിട്ട് ടേബിളിൽ തലയിടിച്ച് നേരെ അതിനടിയിലേക്ക് പോയി. ഒരു സെക്കൻഡ് എല്ലാവരും ഷോക്കായി പോയി. ഓടിപ്പോയി മമ്മൂക്കയെ എഴുന്നേൽപ്പിച്ച് കസേരയിൽ കൊണ്ടുപോയി കയ്യിൽ ഇറുക്കി പിടിച്ചിരിക്കയാണ്. പേടിച്ചിട്ട് എന്റെ കയ്യും വിറയ്ക്കയാണ്.
സിനിമയിൽ ആക്ഷൻ സ്വീക്വൻസുകൾ ചെയ്യുന്ന സമയത്ത് അങ്ങനെയൊക്കെ വരാം. ഫൈറ്റ് മാസ്റ്റർ കൊച്ചുപിള്ളേര് കരയുമ്പോലെ വൻ കരച്ചിൽ ആയിരുന്നു. റോപ്പ് വലിക്കുന്ന ആളുടെ ടൈമിംഗ് മാറിപ്പോയതാണ്. കുറച്ച് കഴിഞ്ഞ് മമ്മൂക്ക എഴുന്നേറ്റ് അവരോട് പോയി കുഴപ്പമില്ലെടാ മോനെ അതൊക്കെ സംഭവിക്കുന്നതല്ലേ പ്രശ്നമുള്ള കാര്യമല്ല എന്ന് പറഞ്ഞു. ഒരുപാട് ഷോട്ടുകളിൽ ബുദ്ധിമുട്ടുകളെ അതിജീവിച്ചിട്ടാണ് മമ്മൂക്ക ടർബോ ചെയ്തത്. ഈ സംഭവത്തിന് ശേഷം പത്തോ പതിനഞ്ച് മിനിറ്റോ റെസ്റ്റ് എടുത്തിട്ടുണ്ടാകും. അതുകഴിഞ്ഞ് വീണ്ടും അടുത്ത സീനിലേക്ക് പോയി”, എന്നാണ് വൈശാഖ് പറഞ്ഞത്.
മെയ് 23ന് ആയിരുന്നു ടർബോ റിലീസ് ചെയ്തത്. മാസ് ആക്ഷൻ ജോണറിൽ ഇറങ്ങിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് മിഥുൻ മാനുവൽ തോമസ് ആയിരുന്നു. മമ്മൂട്ടി കമ്പനി ആയിരുന്നു നിർമാണം. ഇവരുടെ അഞ്ചാമത്തെ സിനിമകയും ആദ്യത്തെ ആക്ഷൻ സിനിമയും ആയിരുന്നു ടർബോ. 65 കോടിയിലേറെ ഇതിനോടകം ടർബോ നേടിയെന്നാണ് വിവരം.