തിരുവനന്തപുരം : അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബർ 9 മുതൽ 16 വരെ തിരുവനന്തപുരത്ത്. 27-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള (ഐഎഫ്എഫ്‌കെ) ഡിസംബർ ഒമ്പതു മുതൽ 16 വരെ തിരുവനന്തപുരത്ത് നടക്കും. രണ്ടു വർഷത്തിന് ശേഷമാണ് ഡിസംബറിൽ തന്നെ സിനിമാമേള നടക്കുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ട് തവണയും ഫെബ്രുവരി, മാർച്ച് മാസങ്ങളിലായിരുന്നു സംഘടിപ്പിക്കപ്പെട്ടത്.
അന്താരാഷ്ട്ര ഫെസ്റ്റിവൽ കലണ്ടർ അനുസരിച്ച് ഡിസംബറിൽ തന്നെ മേള നടത്താനാണ് തീരുമാനമെന്ന് സാംസ്കാരിക മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഇതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ചലച്ചിത്ര മേളയുടെ ആവേശം തിരിച്ചു കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങൾ സാംസ്‌കാരിക വകുപ്പ് നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അന്താരാഷ്ട്ര മത്സര വിഭാഗം, ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമാ ടു ഡെ, ലോകസിനിമ തുടങ്ങിയ പൊതു വിഭാഗങ്ങളും മറ്റ് പാക്കേജുകളും മേളയിലുണ്ടാകും. ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള സിനിമകളെയാണ് മത്സര വിഭാഗത്തിലേയ്ക്ക് പരിഗണിക്കുന്നത്. സിനിമകൾ 2021 സെപ്‌തംബർ ഒന്നിനും 2022 ആഗസ്‌ത് 31നും ഇടയിൽ പൂർത്തിയാക്കിയവ ആയിരിക്കണം. മത്സര വിഭാഗത്തിലേയ്ക്കുള്ള എൻട്രികൾ 11 മുതൽ സ്വീകരിക്കും. സെപ്‌തംബർ 11 വൈകിട്ട് അഞ്ചു വരെ iffk.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി എൻട്രികൾ സമർപ്പിക്കാം. എൻട്രികൾ അയക്കുന്നതിന്റെ വിശദാംശങ്ങളും മാനദണ്ഡങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാണ്.