തിരുവനന്തപുരം: ‘ എന്തുകൊണ്ട് സര് നേരത്തെ ചാര്‍ജെടുത്തില്ല! തലൈവാ, അവധി നേരത്തെ പ്രഖ്യാപിച്ചതിന് നന്ദി’.പുതുതായി ചാര്‍ജെടുത്ത കളക്ടറുടെ ‘കൃത്യമായ’ അവധി പ്രഖ്യാപനത്തില്‍ സോഷ്യല്‍ മീഡിയകളില്‍ അഭിനന്ദനപ്രവാഹം. തലൈവനെന്നും കളക്ടര്‍ ബ്രോയെന്നും വിളിച്ച് അഭിന്ദനമറിയിക്കുന്നവര്‍ ഇനിയങ്ങോട്ട് തലസ്ഥാനത്ത് അവധിയുടെ ആറാട്ടാകട്ടെയെന്നും ആശംസിക്കുന്നു.മുമ്ബ് ‘അവധി ‘ പ്രഖ്യാപനം അന്നേ ദിവസം രാവിലെ മാത്രമേ ഉണ്ടാകൂവെന്നും ഇനി ആ പേടിയില്ലെന്നും തുടങ്ങിയ കമന്റുകളാണ് കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിനുള്ളത്. ജെറോമിക് ജോര്‍ജ് ജില്ലാ കളക്ടറായി ചുമതലയേറ്റെടുത്ത ആദ്യദിനം തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയതാണ് പ്രധാന ഉത്തരവ്. കളക്ടറേറ്റില്‍ ഇന്നലെ രാവിലെ ഒമ്ബതോടെ നടന്ന ചടങ്ങില്‍ മുന്‍ കളക്ടര്‍ നവ്ജ്യോത് ഖോസയാണ് ചുമതല കൈമാറിയത്. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണറായി ചുമതല നിര്‍വഹിക്കുന്നതിനിടെ ആദ്യമായാണ് ഒരു ജില്ലയുടെ ചുമതല വഹിക്കുന്നത്.2015ലാണ് സിവില്‍ സര്‍വീസില്‍ പ്രവേശിക്കുന്നത്. കണ്ണൂര്‍ അസിസ്റ്റന്റ് കളക്ടറായി പ്രവര്‍ത്തനമാരംഭിച്ച അദ്ദേഹം ഒറ്റപ്പാലം സബ്കളക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. തുറമുഖ റെഗുലേറ്ററി വകുപ്പ്, കായിക യുവജന കാര്യാലയം എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ചു. കോട്ടയം സ്വദേശിയായ ജെറോമിക് ജോര്‍ജ് വിദ്യാഭ്യാസകാലഘട്ടം ചെലവഴിച്ചത് ഡല്‍ഹിയിലായിരുന്നു. സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് ഇക്കണോമിക്സില്‍ പഠനം പൂര്‍ത്തിയാക്കി. ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്സിറ്റി കോളേജില്‍ തുടര്‍പഠനം. സ്മൃതി ഇമ്മാനുവലാണ് ഭാര്യ. മൂന്ന് വയസുകാരിയായ മകളുണ്ട്.