തിരുവനന്തപുരം: വഴിയോരക്കച്ചവടത്തിന്റെ പുതിയ സാദ്ധ്യതകള്‍ കണ്ടെത്തുന്നതിനായി തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തില്‍ കനകക്കുന്നില്‍ നടക്കുന്ന വഴിയോരക്കച്ചവട മേള ജനശ്രദ്ധയാകര്‍ഷിക്കുന്നു.21ന് മേള സമാപിക്കും. വഴിയോരക്കച്ചവടക്കാരും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളും വിവിധ സംഘടനകളും മേളയില്‍ പങ്കെടുക്കുന്നുണ്ട്. മേളയുടെ ഭാഗമായി ചെറുതും വലുതുമായ 120 സ്റ്റാളുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. വഴിയോര കച്ചവടം നല്ലരീതിയില്‍ പ്രോത്സാഹിപ്പിക്കുകയും വഴിയോരക്കച്ചവടക്കാരെ ശക്തിപ്പെടുത്തുകയുമാണ് മേളയുടെ ലക്ഷ്യം.നഗരത്തിലെ തിരക്കേറിയ പ്രദേശങ്ങളില്‍ കാണുന്ന വഴിയോരക്കച്ചവടക്കാരെ ഒരു കുടക്കീഴില്‍ എത്തിച്ചിരിക്കുകയാണ് ഈ മേള. സോപ്പ്, ചീപ്പ്, കണ്ണാടി തുടങ്ങി ഉപ്പ് മുതല്‍ കര്‍പ്പൂരംവരെ വിലക്കുറവില്‍ മേളയില്‍ ലഭിക്കും. വീട്ടുപകരണങ്ങള്‍, ഷോ പീസുകള്‍, ബാഗുകള്‍, ആഭരണങ്ങള്‍, ചെരുപ്പ്, വസ്ത്രങ്ങള്‍, അച്ചാറുകള്‍, മുള -ചണം -ചിരട്ട – കയര്‍ ഉത്പന്നങ്ങള്‍ തുടങ്ങി നിരവധി വസ്തുക്കള്‍ മേളയിലുണ്ട്. വായനാപ്രേമികള്‍ക്ക് കുറഞ്ഞ ചിലവില്‍ പുസ്തകങ്ങള്‍ സ്വന്തമാക്കാന്‍ യൂസ്ഡ് ബുക്സ് സ്റ്റാളും മേളയിലുണ്ട്.മേള സന്ദര്‍ശിക്കുന്നവര്‍ക്ക് ആസ്വദിച്ച് ഭക്ഷണം കഴിക്കാന്‍ വഴിയോരക്കച്ചവട തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു), കുടുംബശ്രീ എന്നിവരുടെ നേതൃത്വത്തില്‍ വിശാലമായ ഫുഡ് കോര്‍ട്ടും ഒരുക്കിയിട്ടുണ്ട്. മേളയോടനുബന്ധിച്ച് ഇവിടെ വഴിയോരക്കച്ചവടക്കാരുടെ ലോണ്‍മേള, ഐ.ഡി കാര്‍ഡ് വിതരണം, സെമിനാറുകള്‍,വര്‍ക്ക്ഷോപ്പ് തുടങ്ങിയവയും നടക്കുന്നുണ്ട്.