തിരുവനന്തപുരം : സംസ്ഥാനത്തെ ആദ്യ മെഡിക്കല്‍ കോളേജായ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് തുടക്കം.മൂന്നുമാസം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ വൈകിട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ലോകപ്രശസ്ത വൈറോളജി വിദഗ്ദര്‍ നയിക്കുന്ന ചര്‍ച്ചകളും തുടര്‍ മെഡിക്കല്‍ വിദ്യാഭ്യാസ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. പൂര്‍വ്വ വിദ്യാര്‍ഥികളായ പ്രഗത്ഭരുടെ കൂടിച്ചേരലിനുള്ള വേദി കൂടിയാകും ഇന്നു മുതല്‍ മെഡിക്കല്‍ കോളേജ്.1951 നവംബര്‍ 27ന് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ആദ്യ ഒ പി ടിക്കറ്റെടുത്ത് ഉദ്ഘാടനം ചെയ്ത തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. അത് പിന്നീടങ്ങോട്ട് നിരവധി ആളുകള്‍ക്ക് മരണത്തില്‍ നിന്ന് ജീവിതത്തിലേക്കുള്ള മടക്ക ടിക്കറ്റുകളായി. കൊല്‍ക്കത്തയില്‍ നിന്നും ചെന്നൈയില്‍ നിന്നും ബിരുദമടുത്ത് വന്നവരെ കാക്കാതെ, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് കേരളത്തിന്റെ സ്വന്തം എം ബി ബി എസ് ഡോക്ടര്മാരുണ്ടായി. പിന്നീട് വന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് അടക്കം മെഡിക്കല്‍ കോളേജുകള്‍ക്ക് ഇവര്‍ ചുക്കാന്‍ പിടിച്ചു.അമേരിക്കയും യൂറോപ്പും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വളര്‍ത്തിയ പ്രതിഭകളെ സ്വീകരിച്ചു. മെഡിക്കല്‍ കോളേജ്, ആശുപത്രി, നഴ്സിങ് കോളേജ്, ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ആര്‍സിസി , അച്യുതമേനോന് സന്റര്‍ ഫോര്‍ ഹല്‍ത്ത് സയന്‍സ് സറ്റഡീസ് , ഡന്റല്‍ കോളേജ്, ഫാര്‍മസി കോളേജ്, എസ്.എ.ടി ആശുപത്രി. 139 ഏക്കറില്‍ തുടങ്ങി കണ്ണെത്താത്ത ഉയരത്തിലേക്കും ദൂരത്തിലേക്കും വളര്‍ന്നു.കൊവിഡ് അടക്കം ലോകത്തെ മുള്‍മുനയിലാക്കിയ വൈറല്‍ രോഗങ്ങളെ കുറിച്ച് ചര്‍ച്ചയുണ്ട് പ്ലാറ്റിനം ജൂബിലി വേളയില്‍ . ലോകപ്രശസ്ത വൈറോളജിസ്റ്റ് പ്രഫ. റോബര്‍ട്ട് ഗാലോ മുഖ്യപ്രഭാഷണം നടത്തും. ഗഗന്‍ദീപ് കാങ് ഉള്‍പ്പടെയുള്ള പ്രമുഖരെത്തും. രോഗികള്‍ക്ക് സാമ്ബത്തിക സഹായം നല്കുന്നതിനായുള്ള തളിര് പദ്ധതിക്കും തുടക്കമാകും.