അഹമദാബാദ്: അമിത വേഗത്തില്‍ ഓടിച്ച വാഹനം റോഡിലെ ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണം വിട്ടശേഷം റോഡിന്റെ മറുവശത്തുകൂടി പോവുകയായിരുന്ന സ്കൂട്ടറിലേക്ക് ഇടിച്ചുകയറി. സ്കൂട്ടർ യാത്രക്കാരായ രണ്ട് യുവാക്കള്‍ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു. ഗുജറാത്തിലെ അഹ്മദാബാദിലാണ് സംഭവം. ദാരുണമായ അപകടം സംഭവസ്ഥലത്തെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്.
മദ്യ ലഹരിയില്‍ വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ ഡ്രൈവറെ നാട്ടുകാർ വാഹനത്തില്‍ നിന്ന് പിടിച്ചിറക്കി മർദിച്ച ശേഷം പൊലീസിന് കൈമാറി. കഴിഞ്ഞ ദിവസം രാത്രി അഹ്മദാബാദിലെ നരോദ – ദെഗാം റോഡില്‍ സഞ്ചരിക്കുകയായിരുന്ന ഹ്യൂണ്ടായ് ക്രെറ്റ എസ്യുവിയാണ് അപകടമുണ്ടാക്കിയത്. കാറിന് പുറമെ ഒരു ഓട്ടോറിക്ഷയെയും സിസിടിവി ദൃശ്യങ്ങളില്‍ കാണാം. അമിത വേഗത്തില്‍ ഓട്ടോറിക്ഷയെ ഓവർടേക്ക് ചെയ്യുന്ന കാർ നിയന്ത്രണംവിട്ട് തൊട്ടടുത്ത ലേനിലേക്ക് കയറി. തുടർന്നാണ് ഡിവൈഡറില്‍ ഇടിച്ച് ഉയർന്നുപൊങ്ങിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അമിത വേഗത കാരണം അഞ്ച് സെക്കന്റോളം നിലംതൊടാതെ കാർ വിപരീത ദിശയിലെ ലേനിലേക്ക് തെറിച്ചുവീഴുകയായിരുന്നു. റോഡിന്റെ മറുവശത്തു കൂടി ഹോണ്ട ആക്ടീവ സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട് യുവാക്കളുടെ പുറത്തേക്കാണ് വാഹനം പതിച്ചത്. സ്കൂട്ടർ യാത്രക്കാരായ അമിത് റാത്തോഡ് (26), വിശാല്‍ റാത്തോഡ് (27) എന്നിവർ തല്‍ക്ഷണം മരിച്ചു. സംഭവ സ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാർ, കാർ ഓടിച്ചിരുന്ന ഗോപാല്‍ പട്ടേല്‍ എന്നയാളെ വാഹനത്തില്‍ നിന്ന് പിടിച്ചിറക്കി മർദിച്ചു. തുടർന്ന് പൊലീസിന് കൈമാറി. ഇയാളെ അറസ്റ്റ് ചെയ്തതായും കേസെടുത്തിട്ടുണ്ടെന്നും പിന്നീട് പൊലീസ് അറിയിച്ചു.