ട്വൻ്റി 20 ലോകകപ്പിൽ ഇന്ത്യയെ വിജയിപ്പിച്ചത് അവൻ്റെ തന്ത്രം ; നിർണ്ണായക തന്ത്രം വെളിപ്പെടുത്തി രോഹിത് ശർമ്മ

ന്യൂഡൽഹി : 2024 ലെ ഐസിസി ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിൻ്റെ തന്ത്രപരമായ നീക്കം തങ്ങളെ വിജയിപ്പിച്ചത് എങ്ങനെയെന്ന് രോഹിത് ശർമ്മ വെളിപ്പെടുത്തി. അന്ന് പന്തിന്റെ തന്ത്രമാണ് ഇന്ത്യയെ വിജയിപ്പിക്കാൻ സഹായിച്ചതെന്ന് നായകൻ പറഞ്ഞു. പന്തിൻ്റെ ഉജ്ജ്വലമായ ചിന്ത ദക്ഷിണാഫ്രിക്കൻ ബാറ്റർമാരുടെ താളം തെറ്റിച്ചെന്ന് രോഹിത് പറഞ്ഞു.ബാർബഡോസില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ഏഴ് റണ്‍സിന് പ്രോട്ടിയസിനെ പരാജയപ്പെടുത്തി. ഒരു ഘട്ടത്തില്‍ സൗത്താഫ്രിക്കക്ക് 30 പന്തില്‍ 30 റണ്‍സ് മാത്രം മതിയായിരുന്നു. അവിടെ അവർ ജയം ഉറപ്പിച്ചതും ആയിരുന്നു. അപ്പോഴാണ് പന്ത് ഒരു പദ്ധതി ആവിഷ്കരിച്ചത്. അക്സർ പട്ടേല്‍, ശിവം ദുബെ, സൂര്യകുമാർ യാദവ്, അർഷ്ദീപ് സിംഗ് എന്നിവർക്കൊപ്പം കപില്‍ ശർമ്മ ഷോയില്‍ പങ്കെടുത്ത രോഹിത്, മത്സരത്തെ സ്വാധീനിച്ച നീക്കം അനുസ്മരിച്ചു.’കളിയുടെ മധ്യത്തില്‍ അവർ ശക്തമായി മുന്നേറുകയായിരുന്നു. ഞങ്ങള്‍ക്ക് പിരിമുറുക്കവും ഭയവും ഉണ്ടായിരുന്നു, പക്ഷേ ഒരു ക്യാപ്റ്റനെന്ന നിലയില്‍ നിങ്ങള്‍ ശക്തരായിരിക്കണം. 30 പന്തില്‍ 30 (24ല്‍ 26) വേണ്ടിയിരുന്നപ്പോള്‍ ചെറിയ ഇടവേളയുണ്ടായി. ഋഷഭ് പന്ത് തൻ്റെ ബുദ്ധി ഉപയോഗിച്ച്‌ കളി നിർത്തി, തൻ്റെ കാല്‍മുട്ടില്‍ വേദന വന്നപ്പോള്‍ അവൻ ആ സമയം നന്നായി ഉപയോഗിച്ചു. കാലില്‍ ടേപ്പ് ചെയ്യാൻ ഫിസിയോയെ വിളിച്ചു ‘രോഹിത് പറഞ്ഞു.’ബാറ്റർ ഫുള്‍ ഫ്ലോയിലായിരുന്നു, ബൗളറെ വേഗത്തില്‍ നേരിടാൻ ആഗ്രഹിക്കുമായിരുന്നു. ഞങ്ങള്‍ക്ക് അവരുടെ താളം തകർക്കണമായിരുന്നു. ഗ്രൗണ്ടില്‍ പന്ത് സഹായം തേടുമ്ബോള്‍ ഞാൻ ഫീല്‍ഡ് ക്രമീകരിച്ചു. ഹെൻറിച്ച്‌ ക്ലാസൻ മത്സരം പുനരാരംഭിക്കാനായി കാത്തിരിക്കുകയായിരുന്നു. ആ നീക്കം കൊണ്ട് മാത്രമാണ് ഞങ്ങള്‍ വിജയിച്ചതെന്ന് ഞാൻ പറയുന്നില്ല, പക്ഷേ അത് ഞങ്ങളെ സഹായിച്ചു. പന്ത് തൻ്റെ ബ്രെയിൻ ഉപയോഗിച്ചു, ഞങ്ങള്‍ മത്സരം വിജയിച്ചു, ‘അദ്ദേഹം കൂട്ടിച്ചേർത്തു.27 പന്തില്‍ 52 റണ്‍സെടുത്ത ഹെൻറിച്ച്‌ ക്ലാസൻ 17-ാം ഓവറില്‍ പുറത്തായി. ഹാർദിക് പാണ്ഡ്യയുടെ പന്തില്‍ പന്തിന്റെ ക്യാച്ചിലാണ് അദ്ദേഹം വീണത്.

Advertisements

Hot Topics

Related Articles