ഏറ്റുമാനൂര്‍ നഗരസഭയിലെ യുഡിഎഫില്‍ പ്രതിസന്ധി. വൈസ് ചെയര്‍മാന്‍ സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം കൗണ്‍സിലറായ കെ ബി ജയമോഹന് പാര്‍ട്ടി നേതൃത്വം കത്ത് നല്‍കി. എന്നാല്‍ സ്ഥാനം ഒഴിയില്ലെന്ന നിലപാടിലാണ് ജയമോഹനന്. അവിശ്വാസത്തിലൂടെ ജയമോഹനെ പുറത്താക്കാന്‍ വേണ്ട അംഗബലവും യുഡിഎഫിനില്ല. ഏറ്റുമാനൂര്‍ നഗരസഭയിലെ 35 അംഗ കൗണ്‍സിലില്‍ യുഡിഎഫിന് ആകെ അംഗങ്ങള്‍ 15 പേരാണ്. ഇതില്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് നിലവിലെ വൈസ് ചെയര്‍മാന്‍ കെ ബി ജയമോഹന്‍ അടക്കം 2 അംഗങ്ങളാണു ള്ളത്. യുഡിഎഫിലെ മുന്‍ ധാരണ പ്രകാരം വൈസ് ചെയര്‍മാന്‍ സ്ഥാനം രണ്ടര വര്‍ഷം വീതം കേരളാ കോണ്‍ഗ്രസിനും കോണ്‍ഗ്രസിനും പങ്കുവച്ചിരിക്കുകയാണ്.
എന്നാല്‍ മൂന്നര വര്‍ഷം പിന്നിടുമ്പോഴും ജയമോഹന്‍ തല്‍സ്ഥാനത്ത് തുടരുകയാണ്. പാട്ടി നേതൃത്വം പലതവണ ആവശ്യപ്പെട്ടിട്ടും ജയമോഹന്‍ രാജി വയ്ക്കാതിരുന്നതിനെ തുടര്‍ന്ന് പാര്‍ട്ടി നേതൃത്വം കത്ത് നല്‍കിയിരിക്കുകയാണ്. കേരളാ കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ബിനു ചെങ്ങളമാണ് കത്ത് നല്‍കിയിരിക്കുന്നത്. ജൂലൈ 1-ാം തീയതി നല്‍കിയതായി കാണിച്ചിട്ടുള്ള കത്തില്‍ 7 ദിവസത്തിനകം വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് പാര്‍ട്ടിയെ അറിയിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ രാജി വയ്ക്കാന്‍ തയ്യാറല്ല എന്ന നിലപാടിലാണ് ജയമോഹന്‍. ജയമോഹന്‍ രാജിവച്ചില്ലെങ്കില്‍ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കാനുള്ള അംഗബലം യുഡിഎഫിനില്ല. ജോസഫ് ഗ്രൂപ്പിന് രണ്ട് അംഗങ്ങള്‍ മാത്രമുള്ളതിനാല്‍ കൂറുമാറ്റ നിരോധന നിയമവും ബാധകമാകില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നിലവിലെ പാര്‍ട്ടി നേതൃത്വത്തിന്റെ കത്ത് അംഗീകരിച്ച് രാജിവയ്‌ക്കേണ്ടതില്ല എന്നാണ് ജയമോഹന്റെ നിലപാട്. തന്നെ സ്ഥാനാര്‍ത്ഥിയാക്കിയതും വൈസ് ചെയര്‍മാന്‍ സ്ഥാനം ലഭിക്കുന്നതിന് കത്ത് നല്‍കിയതുമെല്ലാം കേരളാ കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റും യുഡിഎഫ് ജില്ലാ ചെയര്‍മാനുമായിരുന്ന സജി മഞ്ഞക്കടമ്പിലാണെന്നും നിലവിലെ നേതൃത്വമല്ലെന്നുമുള്ള നിലപാടിലാണ് ജയമോഹന്‍. അതേസമയം വൈസ് ചെയര്‍മാന്‍ സ്ഥാനത്തിന് അവകാശവാദവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഒന്നാം വാര്‍ഡ് കൗണ്‍സിലര്‍ വിശ്വനാഥനെയാണ് കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്നാണ് സൂചന. ഇതോടെ നഗരസഭയില്‍ യുഡിഎഫില്‍ പ്രതിസന്ധി രൂക്ഷമായി. ജയമോഹന്‍ രാജിവയ്ക്കാത്ത പക്ഷം വിഷയം യുഡിഎഫ് ജില്ലാ നേതൃത്വത്തിന്റെ തീരുമാനത്തിന് വിടുമെന്ന് കേരളാ കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ബിനു ചെങ്ങളം അറിയിച്ചു.