തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനെതിരെ പ്രതിഷേധം വ്യാപിപ്പിച്ച് ബിജെപി. നഗരസഭാ കൗണ്‍സിലർമാരുടെയും പാർട്ടി പ്രവർത്തകരുടേയും നേതൃത്വത്തില്‍ കോർപ്പറേഷന് മുന്നില്‍ ധർണ നടത്തി. മേയർ നിരന്തരം വിവാദങ്ങളുണ്ടാക്കുന്നതിലൂടെ നഗരസഭയില്‍ ഭരണസ്തംഭനം ഉണ്ടാകുന്നുവെന്ന് ആരോപിച്ചാണ് സമരം സംഘടിപ്പിച്ചത്. കെഎസ്ആർടിസി ഡ്രൈവറുമായുള്ള തർക്കത്തില്‍ മേയർക്കെതിരെ പൊലീസ് നടപടി കടുപ്പിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. ബിജെപി ജില്ലാ പ്രസിഡന്റ് വി വി രാജേഷ് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. കെഎസ്ആർടിസി ബസ് ഡ്രൈവർ യദുവുമായുള്ള തർക്കത്തില്‍ മേയർ ആര്യ രാജേന്ദ്രനും എംഎല്‍എ സച്ചിൻ ദേവിനുമെതിരെ നേരത്തെ കേസെടുത്തിരുന്നു. ബസിലെ സിസിടിവി ക്യാമറയുടെ മെമ്മറി കാർഡ് സ്വാധീനം ഉപയോഗിച്ച് നശിപ്പിച്ചെന്ന ഗുരുതര ആരോപണം എഫ്ഐആറിലുണ്ട്.
എംഎല്‍എ അസഭ്യ വാക്കുകള്‍ ഉപയോഗിച്ചെന്ന് യദു ആരോപിച്ചു. കെഎസ്ആര്‍ടിസി ഡ്രൈവർ യദുവിന്റെ ഹർജിയില്‍ കോടതി നിർദേശം നല്‍കിയതോടെയാണ് കേസെടുത്തത്. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി, അന്യായമായി തടഞ്ഞുവച്ചു എന്നിവയാണ് യദുവിന്റെ പരാതിയിലുണ്ടായിരുന്നത്. ബസ് തങ്ങള്‍ സഞ്ചരിച്ച കാറിനെ ഇടിക്കുന്ന രീതിയില്‍ ഓടിച്ചെന്നും പിന്നാലെ അശ്ലീല ആംഗ്യം കാണിച്ചെന്നുമുള്ള മേയറുടെ പരാതിയില്‍ നേരത്തെ യദുവിനെതിരെ കേസെടുത്തിരുന്നു. സ്വകാര്യ ബസ് ഡ്രൈവറായിരുന്ന സമയത്ത് യദു മുമ്ബും അശ്രദ്ധമായി വണ്ടിയോടിച്ച് അപകടമുണ്ടായിരുന്നു. 2022ല്‍ യദു ഓടിച്ച സ്വകാര്യ ബസ് ഇടിച്ച് സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അന്ന് തമ്ബാനൂർ പൊലീസ് യദുവിനെതിരെ കേസെടുത്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2017 ല്‍ അപകടകരമായ രീതിയില്‍ വണ്ടി ഓടിച്ചതിന് യദുവിനെതിരെ പേരൂർക്കട പൊലിസും കേസെടുത്തിട്ടുണ്ട്. യദുവിനെതിരെ നടി റോഷ്നയും പരാതിയുമായി രംഗത്തെത്തിയിരുന്നു. നടുറോഡില്‍ യദു അസഭ്യം പറഞ്ഞെന്നാണ് റോഷ്നയുടെ പരാതി. പെട്ടെന്ന് കൊച്ചിയിലെത്തേണ്ടതുള്ളത് കൊണ്ടാണ് അന്നു തന്നെ പരാതി നല്‍കാതിരുന്നതെന്നും റോഷ്ന വിശദമാക്കി. ഉരുണ്ടുകളി നിർത്തി യദു മാപ്പ് പറയണമെന്നും റോഷ്ന ആവശ്യപ്പെട്ടു.