കുമാരനല്ലൂരിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ
കോട്ടയം: റഷ്യയും – ഉക്രെയിനും തമ്മിലുള്ള അതിരൂക്ഷമായ ഏറ്റുമുട്ടൽ തുടരുന്ന കാർകീവിൽ കുടുങ്ങിക്കിടക്കുന്നവരിൽ കോട്ടയം കുമാരനല്ലൂർ സ്വദേശിയായ പെൺകുട്ടിയും. എം.ബി.ബി.എസ് അഡ്മിഷനു വേണ്ടി ഉക്രെയിനിലേയ്ക്കു പോയ പെൺകുട്ടിയാണ് യുദ്ധം ആരംഭിച്ചതോടെ ഇവിടെ കുടുങ്ങിക്കിടക്കുന്നത്. കോട്ടയം കുമാരനല്ലൂർ കാർത്തികയിൽ ഉണ്ണികൃഷ്ണൻ നായരുടെയും ഗിരിജാ കുമാരിയുടെയും മകൾ കാർത്തിക ഉണ്ണിയാണ് ഉക്രെയിനിലെ കാർകീവിൽ കുടുങ്ങിക്കിടക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരി 14 നാണ് കാർത്തിക എം.ബി.ബി.എസ് അഡ്മിഷന്റെ കാര്യത്തിനായി ഉക്രെയിനിലെ കാർകീവിലേയ്ക്കു പോയത്. ഇവിടെ എത്തിയ ശേഷം അഡ്മിഷനു വേണ്ടി ഒരു ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം പാസ്‌പോർട്ട് വേരിഫിക്കേഷൻ അടക്കമുള്ള കാര്യങ്ങളും പൂർത്തിയായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ യുദ്ധം ആരംഭിച്ചതും ഇവർ വെട്ടിലായിരിക്കുന്നതും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കാർകീവിലെ ഹോസ്റ്റലിൽ താമസിക്കുന്നവരിൽ 120 മലയാളികളുമുണ്ട്. ഇവരെല്ലാവരും ഹോട്ടലിലെ ബങ്കറിലാണ് ഇപ്പോൾ കഴിയുന്നത്. ഏതു നിമിഷവും ഒരു ആക്രമണമുണ്ടാകാമെന്നതാണ് ഇവരെ ഭയപ്പെടുത്തുന്നത്. തിരികെ നാട്ടിലേയ്ക്കു വരാൻ നിലവിലുള്ള യുദ്ധ സാഹചര്യത്തിൽ സാധിക്കുന്നുമില്ല. മാർച്ച് ഒന്നിന് എംബിബിഎസ് ക്ലാസ് തുടങ്ങാനിരിക്കെയാണ് അപ്രതീക്ഷിതമായി യുദ്ധമുണ്ടായത്. നാട്ടിലേയ്ക്കു പോരാനുള്ള തയ്യാറെടുപ്പുകൾ നടത്തിയെങ്കിലും, ആദ്യ മുന്നറിയിപ്പ് കേന്ദ്ര സർക്കാർ നൽകിയതിനു പിന്നാലെ തന്നെ കാർ കീവിലെ എയർ പോർട്ടുകൾ അടച്ചിരുന്നു. ഇതോടെയാണ് കാർത്തിക അടക്കമുള്ളവർ കാർകീവിൽ തന്നെ കുടുങ്ങിപ്പോയത്.
മകളെ നാട്ടിലെത്തിക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് കുടുംബം കുമാരനല്ലൂരിലെ പ്രാദേശിക ബി.ജെ.പി നേതാക്കളെ ബന്ധപ്പെട്ടിട്ടുണ്ട്. ഇവർ വഴി കേന്ദ്രമന്ത്രി വി.മുരളീധരൻ നിവേദനം നൽകാനാണ് കുടുംബം തയ്യാറെടുക്കുന്നത്. ഈ സാഹചര്യത്തിൽ മുന്നോട്ടുള്ള ഓരോ സാഹചര്യത്തിൽ മകളുടെയും ഒപ്പമുള്ള കുട്ടികളുടെയും രക്ഷയ്്ക്കായി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായം പ്രതീക്ഷിക്കുകയാണ് കുടുംബം.