മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ നിർണ്ണായക മത്സരത്തിൽ ഹൈദരാബാദിനെ വീഴ്ത്തി ഗുജറാത്ത് ടൈറ്റൻസ് വീണ്ടും ഒന്നാം സ്ഥാനത്ത്. അവസാന പന്ത് വരെ ആവേശം നീണ്ടു നിന്ന മത്സരത്തിൽ അവസാന പന്തിൽ സിക്സ് പറത്തിയാണ് റാഷിദ് ഖാൻ ടീമിന് വിജയം സമ്മാനിച്ചത്.
സ്കോർ
ഹൈദരാബാദ് – 195-6
ഗുജറാത്ത് – 199 – 5
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് അഭിഷേക് ശർമ്മയുടെ വെടിക്കെട്ടിന്റെയും എയ്ഡൻ മാക്രത്തിന്റെ പക്വതയാർന്ന ഇന്നിംങ്സിനും ശശാങ്ക് സിങ്ങിന്റെ അവസാനത്തെ തീപ്പൊരി പ്രകടനത്തിന്റെയും ബലത്തിലാണ് മികച്ച ടോട്ടൽ പടുത്തുയർത്തിയത്. ഗുജറാത്തിന് വേണ്ടി ഷമി മൂന്നു വിക്കറ്റും, യഷ് ദയാലും അൽസാരി ജോസഫും ഓരോ വിക്കറ്റും വീതം വീഴ്ത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മറുപടി ബാറ്റിംങിൽ കരുതിക്കളിച്ച ഗുജറാത്ത് കൃത്യമായ സ്ട്രാറ്റജിയോടെയാണ് കളത്തിലിറങ്ങിയത്. ഓപ്പണർമാരായ സാഹയും ഗില്ലും മാന്യമായ തുടക്കമാണ് നൽകിയത്. ഏഴാം ഓവറിൽ ഗില്ലും, ഒൻപതാം ഓവറിൽ പാണ്ഡ്യയും മടങ്ങിയതോടെ അൽപം പരുങ്ങലിലായ ഗുജറാത്തിനെ സാഹ ഒറ്റയ്ക്ക് തോളിൽ ഏറ്റുകയായിരുന്നു. ഗുജറാത്തിന്റെ വീണ അഞ്ചു വിക്കറ്റുകളും പിഴുതെറിഞ്ഞ് ഇന്ത്യയുടെ പുതിയ പേസ് വേഗ സെൻസേഷൻ ഉമ്രാൻ മാലിക്കായിരുന്നു.
നാല് ഓവറിൽ 24 റൺ മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഉമ്രാൻ മാലിക്കിന്റെ വേഗത്തിനു മുന്നിൽ പതറി നിന്ന ഗുജറാത്തിന് ശ്വാസം തിരികെ കിട്ടിയത് ഉമ്രാൻ ഓവർ പൂർത്തിയാക്കിയ ശേഷമായിരുന്നു. ഇതിനു ശേഷമുള്ള അഞ്ച് ഓവറിൽ നിന്ന് ഗുജറാത്ത് അടിച്ചെടുത്തത് 49 റണ്ണാണ്. ഇത് തന്നെയാണ് ഉമ്രാന്റെ പേസിന്റെ ഏറ്റവും വലിയ തെളിവ്. ഉമ്രാന്റെ ഓവർ അവസാനിച്ച ശേഷം തിവാത്തിയ നടത്തിയ തീപ്പൊരിപ്പോരാട്ടമാണ് ഗുജറാത്തിന് വിജയം സമ്മാനിച്ചത്.
21 പന്തിൽ 40 റണ്ണടിച്ച തിവാത്തിയയും , 11 പന്തിൽ 31 റണ്ണടിച്ച റാഷിദ് ഖാനുമാണ് ടീമിനു വിജയം സമ്മാനിച്ചത്. അവസാന പന്തിൽ മൂന്നു റൺ വേണ്ടപ്പോൾ സിക്സ് പറത്തിയാണ് റാഷിദ് ഖാൻ ടീമിനെ വിജയ തീരത്ത് എത്തിച്ചത്. ഹൈദരാബാദിന് എതിരായ വിജയത്തോടെ ഒരു പരാജയം മാത്രം സ്വന്തം അക്കൗണ്ടിലുള്ള ഗുജറാത്ത് എട്ടു മത്സരങ്ങളിൽ നിന്ന് 14 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. എട്ടു മത്സരങ്ങളിൽ നിന്ന് 12 പോയിന്റുള്ള രാജസ്ഥാനാണ് രണ്ടാം സ്ഥാനത്ത്.