സ്പോർട്സ് ഡെസ്ക്ക് : സച്ചിൻ ധാസിൻ്റെയും ക്യാപ്റ്റൻ ഉദയ് സഹാറൻ്റെയും മികച്ച അർദ്ധ സെഞ്ച്വറികളുടെ കരുത്തില്‍, നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ ദക്ഷിണാഫ്രിക്കയെ രണ്ട് വിക്കറ്റിന് തോല്‍പ്പിച്ച് ഐസിസി അണ്ടർ 19 ലോകകപ്പ് ഫൈനലില്‍ എത്തി.തുടർച്ചയായ അഞ്ചാം ലോകകപ്പ് ഫൈനലില്‍ ആണ് ഇന്ത്യ എത്തിയിരിക്കുന്നത്.നേപ്പാളിനെതിരായ അവസാന മത്സരത്തില്‍ സെഞ്ച്വറി നേടിയ സച്ചിൻ ധാസിൻ്റെയും ക്യാപ്റ്റൻ ഉദയ് സഹാറൻ്റെയും അഞ്ചാം വിക്കറ്റ് പര്ട്ട്ണര്ഷിപ്പ് (171 റണ്‍സ്) ആണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.
ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സൌത്ത് ആഫ്രിക്കയുടെ ഇന്നിംഗ്സ് 244 റണ്‍സിന് അവസാനിച്ചു.ലുവൻ ഡ്രെ പ്രെട്ടോറിയസ് (76 റണ്‍സ് ), റിച്ചാർഡ് സെലറ്റ്സ്വാനെ (64 റണ്‍സ്) എന്നിവരുടെ പ്രകടനത്തില്‍ ആണ് ഈ സ്കോറില്‍ ആഫ്രിക്കയ്ക്ക് എത്താന്‍ കഴിഞ്ഞത്.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യന്‍ ടീമിന് തുടക്കത്തില്‍ തന്നെ തിരിച്ചടി നേരിടേണ്ടി വന്നു.11 ഓവറില്‍ 32 റണ്‍സിന് നാല് വിക്കറ്റ് നഷ്ട്ടപ്പെട്ട ഇന്ത്യന്‍ ടീമിനെ തിരികെ മല്‍സരത്തിലേക്ക് കൊണ്ട് വന്നത് സച്ചിനും ഉദയും ആണ്.ഇവര്‍ രണ്ടു പേരെയും സൌത്ത് ആഫ്രിക്കന്‍ ബോളര്‍മാര്‍ പുറത്താക്കിയപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടു പോയിരുന്നു.ഞായറാഴ്ച ഇതേ പിച്ചില്‍ നടക്കുന്ന ഫൈനല്‍ മല്‍സരത്തില്‍ ഇന്ത്യ ഓസ്ട്രേലിയയെയോ പാകിസ്ഥാനെയോ നേരിടും.