ആറാം കിരീടം തേടി ഇന്ത്യ ! അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ഇന്ന് ഇന്ത്യ – ഓസ്ട്രേലിയ പോരാട്ടം

ബെനോനി : ഐസിസി ഏകദിന ലോകകപ്പ് ക്രിക്കറ്റ് കിരീടത്തിനായി ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ വീണ്ടും നേർക്കുനേർ പോരാട്ടം.2024 അണ്ടർ 19 പുരുഷ ലോകകപ്പ് ഫൈനലില്‍ ഇരുടീമും ഇന്ന് കൊന്പുകോർക്കും. 2023 ലോകകപ്പില്‍ ഓസ്ട്രേലിയയ്ക്ക് മുന്നില്‍ പരാജയപ്പെട്ട ചേട്ടന്മാരുടെ കണക്ക് അനിയന്മാർക്കു വീട്ടാൻ സാധിക്കുമോ എന്നതിനാണ് ക്രിക്കറ്റ് ആരാധകരുടെ കാത്തിരിപ്പ്. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 1.30നാണ് ഫൈനല്‍.

Advertisements

ആറാംതമ്പുരാൻ 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ന് കപ്പടിച്ചാല്‍ ഇന്ത്യയുടെ ആറാം അണ്ടർ 19 കിരീടമാകുമത്. ഏറ്റവും കൂടുതല്‍ തവണ അണ്ടർ 19 ലോകകപ്പ് നേടിയതിന്‍റെ റിക്കാർഡ് ഇന്ത്യക്കു സ്വന്തം (അഞ്ച്). 2000, 2008, 2012, 2018, 2022 എഡിഷനുകളിലാണ് ഇന്ത്യ ലോകകപ്പുയർത്തിയത്. തുടർച്ചയായ അഞ്ചാം തവണയാണ് ഇന്ത്യ ലോകകപ്പ് ഫൈനല്‍ കളിക്കുന്നത് എന്നതും ശ്രദ്ധേയം. 

മുഹമ്മദ് കൈഫ്, വിരാട് കോഹ്‌ലി, ഉന്മുക്ത് ചന്ദ്, പൃഥ്വി ഷാ, യഷ് ദുള്‍ എന്നിവർക്കുശേഷം ഇന്ത്യയെ അണ്ടർ 19 ലോകകപ്പ് കിരീടത്തിലെത്തിക്കുന്ന ക്യാപ്റ്റനാകാൻ ഉദയ് സഹാറനു സാധിക്കുമോ എന്നതും ഇന്നറിയാം. 

ആറാം തവണയാണ് ഓസ്ട്രേലിയ അണ്ടർ 19 ലോകകപ്പ് ഫൈനല്‍ കളിക്കുന്നത്. പ്രഥമ അണ്ടർ 19 ലോകകപ്പ് (1988) ജേതാക്കളാണ് ഓസീസ്. പിന്നീട് 2002, 2010 വർഷങ്ങളിലും ഓസീസ് കൗമാര ലോകകപ്പ് സ്വന്തമാക്കി. 

ബാറ്റേഴ്സ് x ബൗളേഴ്സ് 

ഇന്ത്യൻ ബാറ്റർമാരും ഓസീസ് ബൗളർമാരും തമ്മിലുള്ള പോരാട്ടമായിരിക്കും ഫൈനലിലെ കൗതുകം. 2024 അണ്ടർ 19 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതില്‍ ആദ്യ മൂന്ന് സ്ഥാനത്ത് ഇന്ത്യൻ ബാറ്റർമാരാണ്. ക്യാപ്റ്റൻ ഉദയ് സഹാറനാണ് റണ്‍ വേട്ടയില്‍ നിലവില്‍ ഒന്നാമത്. 

ആറ് മത്സരങ്ങളില്‍ ഒരു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറിയും അടക്കം 389 റണ്‍സ് ഉദയ് സഹാറൻ സ്വന്തമാക്കി. രണ്ട് സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും അടക്കം 338 റണ്‍സ് നേടിയ മുഷീർ ഖാനാണ് പട്ടികയില്‍ രണ്ടാമത്. ഒരു സെഞ്ചുറിയും ഒരു അർധസെഞ്ചുറിയുമായി 294 റണ്‍സുള്ള സച്ചിൻ ദാസാണ് മൂന്നാം സ്ഥാനത്ത്. 

ഓസീസ് പേസർമാരായ ടോം സ്ട്രാക്കർ, കല്ലം വിഡ്‌ലർ എന്നിവരാണ് ഇന്ത്യൻ ബാറ്റർമാരെ പരീക്ഷിക്കുക. ഇരുവരും അഞ്ച് മത്സരങ്ങളില്‍ 12 വിക്കറ്റ് വീതം വീഴ്ത്തിയെന്നതാണ് ശ്രദ്ധേയം. 6/24 ആണ് സ്ട്രാക്കറിന്‍റെ മികച്ച ബൗളിംഗ്. വിഡ്‌ലറിന്‍റേത് 4/17ഉം. 

ക്യാപ്റ്റൻ ഹഗ് വെയ്ബ്ജെൻ, ഓപ്പണർ ഹാരി ഡിക്സണ്‍ എന്നിവരാണ് ഓസ്ട്രേലിയയ്ക്കുവേണ്ടി ഇതുവരെ സ്ഥിരതയാർന്ന ബാറ്റിംഗ് കാഴ്ചവച്ചത്. വെയ്ബ്ജെൻ 256 റണ്‍സ് നേടി. ഡിക്സണിന്‍റെ ബാറ്റില്‍നിന്ന് 267 റണ്‍സ് പിറന്നിട്ടുണ്ട്. 

സ്പിന്നർ സൗമി പാണ്ഡെ, ഇടംകൈ പേസർ നമൻ തിവാരി എന്നിവരാണ് ഇന്ത്യൻ ബൗളിംഗില്‍ ഇതുവരെ ശോഭിച്ചത്. സൗമി പാണ്ഡെ ആറ് മത്സരങ്ങളില്‍നിന്ന് 17ഉം നമൻ തിവാരി അഞ്ച് മത്സരങ്ങളില്‍നിന്ന് 10ഉം വിക്കറ്റ് വീഴ്ത്തി. 

ഇന്ത്യ x ഓസീസ് 

ദക്ഷിണാഫ്രിക്കൻ മണ്ണില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ നടക്കുന്ന രണ്ടാമത് ലോകകപ്പ് ഫൈനലാണ് ഇന്നത്തേത്. 2003ല്‍ സീനിയർ പുരുഷന്മാരുടെ ഫൈനലിലാണ് ഇന്ത്യയും ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കൻ മണ്ണില്‍ ആദ്യമായി ഏറ്റുമുട്ടിയത്. 

റിക്കി പോണ്ടിംഗ് നയിച്ച ഓസ്ട്രേലിയ അന്ന് 125 റണ്‍സിന് സൗരവ് ഗാംഗുലി ക്യാപ്റ്റനായ ഇന്ത്യയെ കീഴടക്കിയിരുന്നു. 

ജൊഹന്നാസ്ബർഗിലായിരുന്നു 2003 ഫൈനല്‍. ജൊഹന്നാസ്ബർഗില്‍നിന്ന് 26 കിലോമീറ്റർ കിഴക്കുമാറിയുള്ള ബെനോനിയിലെ വില്ലോമൂർ പാർക്ക് സ്റ്റേഡിയത്തിലാണ് അണ്ടർ 19 ലോകകപ്പ് ഫൈനല്‍. 

ഉദയ് സഹാറൻ

2024 അണ്ടർ 19 ലോകകപ്പ് 

മത്സരം: 06

റണ്‍സ്: 389

100/50: 1/3

സൗമി പാണ്ഡെ 

2024 അണ്ടർ 19 ലോകകപ്പ് 

മത്സരം: 06

വിക്കറ്റ്: 17

മികച്ച ബൗളിംഗ്: 4/19

മുഷീർ ഖാൻ

2024 അണ്ടർ 19 ലോകകപ്പ് 

മത്സരം: 06

റണ്‍സ്: 338

100/50: 2/1

ടോം സ്ട്രാക്കർ

2024 അണ്ടർ 19 ലോകകപ്പ് 

മത്സരം: 05

വിക്കറ്റ്: 12

മികച്ച ബൗളിംഗ്: 6/24

ഹാരി ഡിക്സണ്‍

2024 അണ്ടർ 19 ലോകകപ്പ് 

മത്സരം: 06

റണ്‍സ്: 267

100/50: 0/3

കല്ലം വിഡ്‌ലർ

2024 അണ്ടർ 19 ലോകകപ്പ് 

മത്സരം: 05

വിക്കറ്റ്: 12

മികച്ച ബൗളിംഗ്: 4/17

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.