ആന്റിഗ്വ: അണ്ടര്‍ 19 ലോകകപ്പില്‍ വിജയകിരീടം ചൂടി ടീം ഇന്ത്യ. ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 4 വിക്കറ്റ് ജയത്തോടെയാണ് ഇന്ത്യ 5-ാം തവണ കൗമാരകിരീടമണിഞ്ഞത്. വൈസ് ക്യാപ്റ്റന്‍ ഷെയ്ക്ക് റഷീദിന്റെയും (50) നിഷാന്ത് സിന്ധുവിന്റെയും (50*) അര്‍ധ സെഞ്ചുറികളാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്. പേസര്‍മാരായ രാജ് ബാവ അഞ്ചും രവി കുമാര്‍ നാലും വിക്കറ്റ് വീഴ്ത്തി. സ്‌കോര്‍: ഇംഗ്ലണ്ട് 44.5 ഓവറില്‍ 189നു പുറത്ത്. ഇന്ത്യ 47.4 ഓവറില്‍ 6ന് 195.
ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ടിന്റെ ആദ്യ 7 വിക്കറ്റുകള്‍ 25 ഓവറായപ്പോഴേക്കും ഇന്ത്യന്‍ ബോളര്‍മാര്‍ വീഴ്ത്തിയിരുന്നു. എന്നാല്‍ 8ാം വിക്കറ്റില്‍ ജയിംസ് റ്യൂവും ജയിംസ് സാലസും നേടിയ 93 റണ്‍സ് കൂട്ടുകെട്ട് ഇംഗ്ലണ്ടിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചു. റ്യൂ 95 റണ്‍സെടുത്തു. സാലസ് 34 റണ്‍സുമായി പുറത്താകാതെ നിന്നു. മറുപടി ബാറ്റിങ്ങില്‍ ഇന്നിങ്‌സിന്റെ 2ാം പന്തില്‍ അംഗ്ക്രിഷ് രഘുവംശിയെ (0) ഇന്ത്യയ്ക്കു നഷ്ടമായെങ്കിലും ഷെയ്ക്ക് റഷീദ് (50) ഉറച്ചുനിന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റഷീദിനെയും ക്യാപ്റ്റന്‍ യഷ് ദൂലിനെയും (17) പുറത്താക്കിയെങ്കിലും നിഷാന്ത് സിന്ധുവും (50 നോട്ടൗട്ട്) രാജ് ബാവയും (35) ചേര്‍ന്ന 5ാം നിര്‍ണ്ണായകമായി. 43ാം ഓവറില്‍ ബാവയും പിന്നാലെ കൗശല്‍ ടാംബെയും (1) പുറത്തായെങ്കിലും ദിനേഷ് ബാനയെ (13) കൂട്ടുപിടിച്ച് സിന്ധു ഇന്ത്യയെ വിജയത്തിലെത്തിച്ചു. കലാശക്കൊട്ടെന്നോണം തുടരെ 2 സിക്‌സടിച്ചാണ് ബാന കളി തീര്‍ത്തത്.