ജയ് ഗണേഷ് എന്ന ചിത്രത്തെ വിമര്‍ശിച്ച് രംഗത്ത് എത്തിയ ആള്‍ക്ക് മറുപടിയുമായി നടൻ ഉണ്ണി മുകുന്ദൻ. ജയ് ഗണേഷ് എന്ന പേരിലുള്ള സിനിമയ്‍ക്ക് രാഷ്‍ട്രീയ അജണ്ട ഉണ്ടെന്ന് ആരോപിച്ച വ്യക്തിയുടെ വീഡിയോ പങ്കുവെച്ചാണ് ഉണ്ണി മുകുന്ദൻ മറുപടി നല്‍കിയത്. നിങ്ങളുടെ പരിഹാസം ഏപ്രില്‍ പതിനൊന്നിന് വീണ് ഉടയും. റിലീസ് പോലും ചെയ്യാത്ത സിനിമയെ കുറിച്ചാണ് ആരോപണവുമായി എത്തിയിരിക്കുന്നത് എന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.
എന്താണ് ജയ് ഗണേഷ് എന്ന സിനിമ എന്തെന്നതില്‍ ഇദ്ദേഹത്തിന് ഒരു വ്യക്തതയുമില്ല എന്ന് പറഞ്ഞാണ് ഉണ്ണി മുകുന്ദന്റെ കുറിപ്പ്. ഇങ്ങനെയുള്ളവരുടെ രാഷ്‍ട്രീയ വീക്ഷണവുമായി എന്റെ സിനിമയെ ബന്ധിപ്പിക്കുന്നത് എനിക്ക് മനസ്സിലാകും. എന്റെ രാഷ്‍ട്രീയ അരങ്ങേറ്റത്തിനുള്ള ചവിട്ടുപടിയാണ് സിനിമകള്‍ എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ അവര്‍ ശ്രമിക്കുകയാണ്. കേരളത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും സിനിമയുമായി ബന്ധപ്പെടുത്താൻ ബോധപൂര്‍വം ശ്രമിക്കുകയാണ് എന്നും ഉണ്ണി മുകുന്ദൻ ചൂണ്ടിക്കാട്ടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇത്തരം ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ക്ക് നിങ്ങള്‍ക്ക് യുട്യൂബ് പണം നല്‍കും എന്നും നിങ്ങളുടെ ജീവിതം നിലനിര്‍ത്താൻ അത് സഹായകരമാകും എന്നും ഞാൻ മനസ്സിലാക്കുന്നു. എന്നാല്‍ നിരാശഭരിതനായി ഊഹോപോഹങ്ങള്‍ പരത്താൻ ഒരിക്കലും ശ്രമിക്കാതിരിക്കുക. റിലീസ് ചെയ്യാത്ത ഒരു സിനിമ രാഷ്‍ട്രീയ അജണ്ടയാണ് എന്ന് പ്രചരിപ്പിച്ച് അതില്‍ നിന്ന് വരുമാനം നേടുന്നത് ഒരു വ്യക്തി എന്ന നിലയില്‍ നിങ്ങള്‍ എവിടെയാണ് എന്ന് കാണിക്കുന്നു. നിങ്ങളുടെ പരിഹാസം എപ്രിന് 11ന് എന്തായാലും ഇല്ലാതാകും. അന്നാണ് ജയ് ഗണേഷിന് റിലീസ് ചെയ്യുന്നത്.
ഏപ്രില്‍ ഒന്നിനാണ് വിഡ്ഢി ദിനം. നിങ്ങള്‍ക്കത് ഏപ്രില്‍ 11ന് ആയിരിക്കും. ജയ് ഗണേഷുമായി ബന്ധപ്പെട്ട് ഇനിയും വീഡിയോ ചെയ്‍ത് നിങ്ങള്‍ നിലനില്‍ക്കണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു എന്നും ഉണ്ണി മുകുന്ദൻ വിമര്‍ശകന് മറുപടിയായി വ്യക്തമാക്കി.
ഉണ്ണി മുകുന്ദൻ നായകനാകുന്ന ജയ് ഗണേഷ് സംവിധാനം ചെയ്യുന്നത് രഞ്‍ജിത് ശങ്കറാണ്. തിരക്കഥയും രഞ്‍ജിത് ശങ്കറാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ചന്ദു സെല്‍വരാജാണ്. ചിത്രം നിര്‍മിക്കുന്നത് ഉണ്ണി മുകുന്ദൻ ഫിലിംസും ഡ്രീംസ് എൻ ബിയോണ്ടുമാണ്.