“തനിക്ക് ഇപ്പോഴും മുൻപും ഒരു മാനേജറില്ല; തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചാൽ കർശന നിയമ നടപടി”; മുന്നറിയിപ്പുമായി ഉണ്ണി മുകുന്ദൻ
കൊച്ചി: കഴിഞ്ഞ ദിവസമായിരുന്നു എംഡിഎംഎയുമായി യൂട്യൂബര്‍ റിന്‍സി പിടിയിലാകുന്നത്. പിന്നാലെ റിൻസി നടൻ ഉണ്ണി മുകുന്ദന്റെ മാനേജരാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരണങ്ങളും നടന്നു. ഇപ്പോഴിതാ ഈ വ്യാജ വാർത്തകൾക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. തനിക്ക് ഇപ്പോഴും മുൻപും ഒരു മാനേജറില്ലെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒരു പേഴ്‌സണൽ മാനേജർ തനിക്കില്ലെന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും സോഷ്യൽ മീഡിയ പോസ്റ്റിൽ ഉണ്ണി മുകുന്ദൻ കുറിച്ചു. “എല്ലാ ഔദ്യോഗിക ആശയവിനിമയങ്ങളും പ്രൊഫഷണൽ കാര്യങ്ങളും നേരിട്ടോ അല്ലെങ്കിൽ നിർമ്മാണ കമ്പനിയായ UMF വഴിയോ ആണ് കൈകാര്യം ചെയ്യുന്നത്. തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്നും പിന്‍മാറണമെന്ന് വ്യക്തികളോടും സോഷ്യൽ മീഡിയ പ്ലാറ്റഫോമുകളോടും അഭ്യർത്ഥിക്കുകയാണ്. ആരെങ്കിലും ഇത്തരത്തിൽ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് തുടരുകയോ ചെയ്യുന്നതായോ കണ്ടെത്തിയാൽ കർശനമായ നിയമ നടപടികൾക്ക് വിധേയമാകേണ്ടി വരും”, എന്നും ഉണ്ണി മുകുന്ദൻ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
റിൻസിയും യാസിർ അറാഫത്ത് എന്ന സുഹൃത്തുമായിരുന്നു കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായത്. ഇവരിൽനിന്ന് 22.55 ഗ്രാം എംഎഡിഎംഎയും പിടിച്ചെടുത്തിരുന്നു. കാക്കനാടുള്ള ഫ്ലാറ്റില്‍ നിന്നുമായിരുന്നു ഇരുവരും പിടിയിലായത്.
അതേസമയം, ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. വിനയ് ഗോവിന്ദ് സംവിധാനം ചെയ്ത ചിത്രത്തില്‍ നിഖില വിമൽ, ചെമ്പൻ വിനോദ് ജോസ്, ശ്യാം മോഹൻ, സുരഭി ലക്ഷ്മി, ജോണി ആൻ്റണി, സുധീഷ്, ദിനേശ് പ്രഭാകർ, മീര വാസുദേവൻ, ഭഗത് മാനുവൽ, അഭിരാം രാധാകൃഷ്ണൻ, ഫറ ഷിബല, പുണ്യ എലിസബത്ത്, ജുവൽ മേരി തുടങ്ങി നിരവധി പേര്‍ പ്രധാന വേഷത്തില്‍ എത്തിയരുന്നു.