ബഹ്റൈച്ച്: ഉത്തർ പ്രദേശിലെ ബഹ്റൈച്ചില്‍ ദുർഗാപൂജ ഘോഷയാത്രയ്ക്കിടെ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെയുണ്ടായ സംഘർഷത്തിനിടെ വാഹന ഷോറൂമിന് തീയിട്ട് നാട്ടുകാർ. 38 വാഹനങ്ങളാണ് നാട്ടുകാരുടെ അക്രമത്തില്‍ കത്തി ചാരമായത്. അനുപ് ശുക്ള എന്നയാളുടെ ബൈക്ക് ഷോറൂമാണ് അക്രമികള്‍ അഗ്നിക്ക് ഇരയാക്കിയത്. ഷോറൂമിലുണ്ടായിരുന്ന 34 ഹീറോ ബൈക്കുകളും ഷോറൂം പാർക്കിംഗിലുണ്ടായിരുന്ന നാല് കാറുകളുമാണ് അക്രമികള്‍ തീയിട്ടത്.
അനുപ് ശുക്ളയുടെ ബാല്യകാല സുഹൃത്തായ മുഹമ്മദ് സഹീദ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതായിരുന്നു കെട്ടിടം. ഷോറൂം ഉടമ അനൂപ് ശുക്ള ഗുരുഗ്രാമില്‍ ഹൃദയ സംബന്ധമായ ചികിത്സയില്‍ കഴിയുമ്പോഴാണ് അക്രമികള്‍ വാഹന ഷോറൂം അഗ്നിക്കിരയാക്കിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഷോറൂമിലുണ്ടായിരുന്ന നാല് ലക്ഷം രൂപയും തീപിടുത്തത്തില്‍ കത്തി നശിച്ചു. അൻപത് ലക്ഷം രൂപയുടെ നഷ്ടമാണ് സംഭവിച്ചതെന്നാണ് ഷോറൂം ഉടമ വിശദമാക്കുന്നത്. അനധികൃത നിർമ്മാണങ്ങള്‍ പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് നോട്ടീസ് നല്കിയ 23 കച്ചവടക്കാരില്‍ ഏറിയ പങ്കും മുസ്ലിം വിഭാഗത്തില്‍ നിന്നായതിന് പിന്നാലെ മേഖലയില്‍ സംഘർഷാവസ്ഥ നിലനിന്നിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനിടയിലാണ് ഒക്ടോബർ 13ന് 22കാരനായ റാം ഗോപാല്‍ മിശ്ര വെടിയേറ്റ് മരിക്കുന്നത്. ഇതോടെ മേഖലയില്‍ സംഘർഷം പൊട്ടിപ്പുറപ്പെടുകയായിരുന്നു. ഞായറാഴ്ച ദുർഗാപൂജ ഘോഷയാത്രയ്ക്കിടെ ഉച്ചത്തില്‍ പാട്ട് വയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് 22 കാരൻ കൊല്ലപ്പെട്ടത്. രാംഗോപാല്‍ മിശ്രയുടെ സംസ്കാരത്തിനു ശേഷം നടന്ന അക്രമത്തില്‍ നിരവധി കടകളും, ആശുപത്രിയും വാഹനങ്ങളും കത്തി നശിച്ചിരുന്നു. കൊലപാതകത്തിലും സംഘർഷത്തിലും കേസെടുത്ത പൊലീസ് അന്ന് തന്നെ 30 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം 5 പേരെ പൊലീസ് ഏറ്റുമുട്ടലിലൂടെ പിടികൂടിയിരുന്നു. ഇതിനോടകം 87 പേരെയാണ് അക്രമ സംഭവങ്ങളില്‍ പൊലീസിന്റെ പിടിയിലായിട്ടുള്ളത്.