തൃശൂർ: കേച്ചേരിയില്‍ കെഎസ്ആർടിസി ബസിന് പിറകില്‍ സ്വകാര്യ ബസിടിച്ചുണ്ടായ അപകടത്തില്‍ പതിനഞ്ച് പേർക്ക് പരിക്ക്. ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടമുണ്ടായത്. തൃശ്ശൂർ ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസും സ്വകാര്യ ബസും അപകടത്തില്‍ പെടുകയായിരുന്നു. അപകടത്തില്‍ ഇരു ബസ്സുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
പരിക്കേറ്റവരെ കേച്ചേരി ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് കേച്ചേരിയില്‍ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. കുന്നംകുളം സബ് ഇൻസ്പെക്ടർ ജ്യോതിസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. വാഹനങ്ങള്‍ റോഡില്‍ നിന്ന് മാറ്റുന്നതിനുള്ള നടപടി ആരംഭിച്ചതായി പൊലീസ് അറിയിച്ചു.