നടൻ മോഹൻലാലിൻറെ ജന്മദിനത്തില് ആശംസകളുമായി മന്ത്രി പി രാജീവ്. തിരനോട്ടത്തിലൂടെ ഒന്നെത്തി നോക്കി മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലൂടെ ഒരു പൂക്കാലം വരാനിരിക്കുന്നു എന്ന് മലയാളികള്‍ക്ക് സൂചന നല്കി പിന്നീട് അഭിനയത്തിന്റെ സർവ്വജ്ഞപീഠം കീഴടക്കിയ പ്രിയപ്പെട്ട മോഹൻലാലിന് ജന്മദിനാശംസകള് നേരുന്നുവെന്നാണ് മന്ത്രി പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചത്. ഇങ്ങനെയും അഭിനയിക്കാൻ സാധിക്കുമോ എന്ന് അത്ഭുതപ്പെടുത്തിയ എത്രയോ നിമിഷങ്ങള്‍ മലയാളസിനിമയ്ക്ക് സമ്മാനിച്ച കേരളത്തിന്റെ സ്വകാര്യ അഭിമാനം കൂടിയായ ആ മഹാനടൻ ഇനിയുമേറെ ശോഭിക്കണം എന്ന് ആഗ്രഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
താൻ രാജ്യസഭാംഗമായിരുന്ന കാലത്ത് ആലുവ ജില്ലാ ആശുപത്രിയില്‍ ആരംഭിച്ച ഡയാലിസിസ് സെൻ്ററിൻ്റെ രണ്ടാം ഘട്ട ഉദ്ഘാടനത്തിന് തിരക്കുകള്‍ക്കിടയില്‍ നിന്നും ഓടിയെത്തിയത് ഓർക്കുന്നുവെന്നും എറണാകുളം ജനറല്‍ ആശുപത്രിയില്‍ സൗജന്യ ഭക്ഷണ പരിപാടി തുടങ്ങിയപ്പോള്‍ ഒരു മാസത്തെ ഭക്ഷണത്തിന് അന്നത്തെ കണക്കനുസരിച്ച് പത്തുലക്ഷം രൂപയാണ് മോഹൻലാല്‍ നല്‍കിയത് എന്നും അദ്ദേഹം വ്യക്തമാക്കി. സിനിമകളില്‍ തന്റെ പ്രകടനങ്ങളില്‍ എപ്പോഴും മോഹൻലാല്‍ തിളങ്ങുന്നത് ചെയ്യുന്ന വേഷത്തിനോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ടുകൂടിയാണ് എന്ന് തനിക്ക് തോന്നിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു. അഭിനയ യാത്ര ഇനിയും മുന്നോട്ടു പോകട്ടെ എന്നും മന്ത്രി ആശംസിച്ചു.