വാഷിംഗ്ടണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സംയുക്ത ദൗത്യം അയക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ ബഹിരാകാശ സഞ്ചാരികള്‍ക്ക് യുഎസ് ബഹിരാകാശ ഏജൻസിയായ നാസ പരിശീലനം നല്‍കുമെന്ന് ഇന്ത്യയിലെ യുഎസ് പ്രതിനിധി എറിക് ഗാർസെറ്റി പറഞ്ഞു. ഈ വർഷമോ അതിന് ശേഷമോ ആയിരിക്കും പരിശീലനം. ബെംഗളൂരുവില്‍ നടന്ന യുഎസ്-ഇന്ത്യ കൊമേഴ്സ്യല്‍ സ്പേസ് കോണ്‍ഫറൻസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ബഹിരാകാശ സഞ്ചാരികള്‍ക്ക് നാസ ഉടൻ തന്നെ വിപുലമായ പരിശീലനം നല്‍കും. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഒരു സംയുക്ത ദൗത്യമാണ് ലക്ഷ്യമെന്നും ഗാർസെറ്റി പറഞ്ഞു.
പരിസ്ഥിതി, ഭൂമിയുടെ ഉപരിതലം, പ്രകൃതി ദുരന്തങ്ങള്‍, സമുദ്രനിരപ്പ് ഉയരല്‍, ക്രയോസ്ഫിയർ എന്നിവയുള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും നിരീക്ഷിക്കുന്നതിനായി ഉടൻ തന്നെ ഐഎസ്‌ആർഒ കേന്ദ്രത്തില്‍ നിന്ന് നിസാർ ഉപഗ്രഹം വിക്ഷേപിക്കുമെന്നും ഗാർസെറ്റി പറഞ്ഞു. നാസയുടെയും ഐഎസ്‌ആർഒയുടെയും സംയുക്ത ഭൗമ നിരീക്ഷണ ദൗത്യമാണ് നിസാർ. ബഹിരാകാശത്തില്‍ യുഎസ്-ഇന്ത്യ സഹകരണത്തിൻ്റെ സാധ്യതകളെക്കുറിച്ച് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച യുഎസ്‌ഐബിസി പ്രസിഡൻ്റ് അതുല്‍ കേശപ്, യുഎസ്-ഇന്ത്യ ബഹിരാകാശ പങ്കാളിത്തത്തിലെ ഒരു പുതിയ അധ്യായമായി ഇതിനെ വിശേഷിപ്പിച്ചു.