ന്യൂഡല്‍ഹി: ഉത്തർപ്രദേശ്, മഹാരാഷ്ട്ര സർക്കാരുകള്‍ കടപ്പത്രത്തിലൂടെ 12,000 കോടി വീതം വീണ്ടും കടമെടുക്കുന്നു. വ്യാഴാഴ്ചയാണ് ഇരു സംസ്ഥാനങ്ങളും 24,000 കോടി കടമെടുക്കുക. ഇത് സംബന്ധിച്ച അറിയിപ്പ് ആർ.ബി.ഐ. പുറത്തിറക്കി. കടപ്പത്ര വില്‍പ്പനയിലൂടെ ഉത്തർപ്രദേശ് ചൊവ്വാഴ്ച 8,000 കോടി രൂപയും മഹാരാഷ്ട്ര 6,000 കോടി രൂപയും കടമെടുത്തിരുന്നു. ഇതിനുപുറമെയാണ് ഇരു സംസ്ഥാനങ്ങളും 12,000 കോടി വീതം കടമെടുക്കാൻ പോകുന്നത്.
സാധാരണ ചൊവ്വാഴ്ച ദിവസങ്ങളിലാണ് സംസ്ഥാനങ്ങളുടെ കടപ്പത്ര വില്‍പ്പന. കേരളം ഉള്‍പ്പെടെയുള്ള 17 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ചേർന്ന് കടപ്പത്ര ലേലത്തിലൂടെ ഇന്നലെ 50,206 കോടി രൂപ കടമെടുത്തിരുന്നു. കേരളം എടുത്തത് 3742 കോടി രൂപയാണ്. ഒരാഴ്ചയില്‍ ഇത്രയും തുക കടപ്പത്രങ്ങള്‍വഴി കേന്ദ്ര സർക്കാരോ സംസ്ഥാന സർക്കാരോ സമാഹരിക്കുന്നത് ഇത് ആദ്യമായാണ്. അധിക കടമെടുപ്പിന് അനുമതി നല്‍കണമെന്ന കേരളത്തിന്റെ ഹർജിയില്‍ സുപ്രീം കോടതി വ്യാഴാഴ്ച വാദം കേള്‍ക്കും.