ചെന്നൈ : കേരളത്തിന്റെ മാലിന്യ സംസ്കരണ പദ്ധതികളില്‍ ഗുരുതരമായ പാളിച്ചകളുണ്ടെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡിന്റെ (സി.പി.സി.ബി.) റിപ്പോർട്ട്. ഖരമാലിന്യ സംഭരണകേന്ദ്രങ്ങളില്‍ ആശുപത്രിമാലിന്യം കൂട്ടിയിടുന്നതും അതിർത്തി സംസ്ഥാനങ്ങളില്‍ പാഴ്വസ്തുക്കള് തള്ളുന്നതും വീഴ്ചകള്‍ക്ക് ഉദാഹരണമായി റിപ്പോർട്ട് പറയുന്നു. കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിർത്തി പ്രദേശങ്ങളിലും മാലിന്യസംഭരണ കേന്ദ്രങ്ങളിലും പരിശോധന നടത്തിയശേഷം ദേശീയ ഹരിതട്രിബ്യൂണലിനു സമർപ്പിച്ച റിപ്പോർട്ടിലാണ് സി.പി.സി.ബി. കേരളത്തെ കുറ്റപ്പെടുത്തുന്നത്. കേരളത്തില്‍ നിന്നുള്ള മാലിന്യം സ്വകാര്യ കരാറുകാർ തമിഴ്നാടിന്റെ അതിർത്തിഗ്രാമങ്ങളില്‍ തട്ടുന്നെന്ന വാർത്തകളില്‍ സ്വമേധയാ കേസെടുത്ത ഹരിതട്രിബ്യൂണലിന്റെ നിർദേശമനുസരിച്ചാണ് സി.പി.സി.ബി. റിപ്പോർട്ട് സമർപ്പിച്ചത്.
കേരളത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഖരമാലിന്യത്തിന്റെ 30 ശതമാനം മാത്രമാണ് സംഭരിക്കപ്പെടുന്നതെന്ന് റിപ്പോർട്ടിലുണ്ട്. ആശുപത്രിമാലിന്യം ശേഖരിക്കുന്നതും സംസ്കരിക്കുന്നതും നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടല്ല. മറ്റുമാലിന്യങ്ങളുടെ കൂടെയാണ് പലയിടത്തും ഇവ സംഭരിക്കുന്നത്. ലൈസൻസില്ലാത്ത സ്ഥാപനങ്ങളാണ് ഇവ കൈകാര്യം ചെയ്യുന്നത്. മാലിന്യസംസ്കരണ പ്രവർത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന് കേരളസർക്കാർ രൂപവത്കരിച്ച ക്ലീൻ കേരള കമ്പനി ലിമിറ്റഡിന്റെ പ്രവർത്തനങ്ങളിലും പാളിച്ചകളുണ്ട്. അടിസ്ഥാനസൗകര്യങ്ങളുടെയും ഉപകരണങ്ങളുടെയും അഭാവം മാലിന്യനീക്കത്തെ ബാധിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിർത്തികടന്നുള്ള മാലിന്യനീക്കം നിരീക്ഷിക്കുന്നതിന് കേരള-തമിഴ്നാട് സംസ്ഥാനങ്ങള്‍ ചേർന്നു രൂപവത്കരിച്ച ദൗത്യസംഘത്തിന്റെ പ്രവർത്തനം തൃപ്തികരമല്ല. ഈ വിഷയങ്ങളില്‍ വിശദമായ അന്വേഷണം നടത്താനും പ്രശ്നപരിഹാരത്തിന് നടപടിയെടുക്കാനും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് തയ്യാറാകണമെന്ന് റിപ്പോർട്ടില്‍ പറയുന്നു. അതിർത്തികടന്നുള്ള മാലിന്യനീക്കത്തിന്റെ വിഷയത്തില്‍ സ്വമേധയാ ഇടപെട്ട ഹരിതട്രിബ്യൂണല്‍ അനധികൃത മാലിന്യനീക്കത്തിന്റെ കാര്യം വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഇരുസംസ്ഥാനങ്ങളോടും കേന്ദ്രത്തോടും ആവശ്യപ്പെട്ടിരുന്നു. കേസില്‍ മേയ് 28-ന് വാദം തുടരും.