ദില്ലി : ഇ പി ജയരാജന് വധശ്രമക്കേസില്‍ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്. ഗുണ്ടാ നേതാവ് എന്ന കിരീടം തലയില്‍ നിന്ന് പോയി. തനിക്കെതിരെ കെട്ടി ചമച്ച കേസാണ്. പാവം ജയരാജൻ. സുപ്രീം കോടതിയില്‍ അപ്പീല്‍ പോയാലും പോരാടും. കേസ് വിജയിച്ചതില്‍ സന്തോഷം. തലയ്ക്ക് മുകളില്‍ എന്നും വാള് ആയിരുന്നു , അത് മുറിച്ചു മാറ്റി. തന്നെ എന്നും വേട്ടയാടാൻ ഉപയോഗിച്ച കേസാണ് അവസാനിച്ചത്. വെടിയുണ്ട ശരീരത്തില്‍ ഉണ്ടെങ്കില്‍ അത് കാട്ടാൻ വെല്ലുവിളിച്ചു. അലിഞ്ഞു പോയി എന്നാണ് ഇപി പറഞ്ഞത്, ഇത് തരിയുണ്ട അല്ലല്ലോ വെടിയുണ്ട അല്ലേയെന്നും സുധാകരന് പരിഹസിച്ചു. മൂന്നുപതിറ്റാണ്ടോളമായി സംസ്ഥാന രാഷ്ടീയത്തില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ ഉയർന്ന സംഭവത്തിലാണ് കെ പി സി സി പ്രസിഡന്റ് കെ സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. വിചാരണ നേരിടണമെന്ന തിരുവനന്തപുരം സെഷൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കിയാണ് നടപടി.
1995 ഏപ്രില്‍ 12ന് പാർടി കോണ്‍ഗ്രസ് കഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങിയ ഇ പി ജയരാജനെ ട്രെയിനില്‍വെച്ച് വെടിവെച്ചു കൊല്ലാൻ ശ്രമിച്ചു എന്നാണ് കേസ്. സംഭവത്തിന് പിന്നിലെ ഗൂഡാലോചനയാണ് കേരളത്തില്‍ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പ്രതികളുമായി സുധാകരൻ തിരുവനന്തപുരുത്ത് വെച്ച് ഗൂഡാലോചന നടത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. കുറ്റപത്രത്തില്‍നിന്ന് തന്നെ ഒഴിവാക്കണമെന്ന സുധാകരന്റെ ആവശ്യം നേരത്തെ വിചാരണക്കോടതി തളളിയിരുന്നു. ഇത് ചോദ്യ ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്. ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതാണെന്നും തെളിവുകള്‍ ഇല്ലെന്നും സാക്ഷിമൊഴികള്‍ വിശ്വസനീയമല്ലെന്നുമുളള സുധാകരന്റെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്. തന്നെ മാത്രമല്ല പിണറായി വിജയനെക്കൂടി ലക്ഷ്യം വെച്ചാണ് സുധാകരൻ ഗൂഡാലോചന നടത്തിയെതെന്നായിരുന്നു ഇ പി ജയരാജന്റെ പ്രതികരണം.