കോഴിക്കോട്: മെഡിക്കല്‍ കോളേജ് ഐ.സി.യു. പീഡനക്കേസില്‍ അതിജീവിതയ്ക്കൊപ്പംനിന്നതിന്റെ പേരില്‍ സ്ഥലംമാറ്റിയ സീനിയർ നഴ്സിങ് ഓഫീസർ പി.ബി. അനിതയ്ക്ക് ഐക്യദാർഢ്യവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. സർക്കാർ ആർക്കൊപ്പമാണ്, അതിജീവിതയ്ക്കൊപ്പമാണോ പീഡന വീരനൊപ്പമാണോയെന്നും പ്രതിപക്ഷനേതാവ് ചോദിച്ചു. ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ളവർ വേട്ടക്കാർക്കൊപ്പം നില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സ്വന്തം പാർട്ടിക്കാരും അനുഭാവികളും എന്ത് ഗുരുതര കുറ്റകൃത്യം ചെയ്താലും സംരക്ഷിക്കുമെന്നതാണ് സർക്കാർ നിലപാട്.
പീഡന പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ജി.ഒ യൂണിയൻ പ്രവർത്തകർ അതിജീവിതയെ ഭീഷണിപ്പെടുത്തി. അതേക്കുറിച്ചാണ് അനിത സിസ്റ്റർ മേല്‍ ഉദ്യോഗസ്ഥയുടെ നിർദ്ദേശ പ്രകാരം റിപ്പോർട്ട് നല്‍കിയത്. ആ റിപ്പോർട്ടില്‍ എന്ത് തെറ്റാണുള്ളത്? ഒരു തെറ്റുമില്ലെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. ഏപ്രില്‍ ഒന്നിന് നിയമനം നല്‍കാമെന്ന് സർക്കാർ അഭിഭാഷകൻ സമ്മതിച്ചിട്ടും ഹൈക്കോടതി ഉത്തരവുമായി ആറു ദിവസമായി അനിതയ്ക്ക് ആശുപത്രിക്ക് മുന്നില്‍ ഇരിക്കേണ്ടിവന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അമ്മ സർജറി കഴിഞ്ഞും മകള്‍ പ്രസവം കഴിഞ്ഞും കിടക്കുന്നു. ശമ്ബളം കിട്ടിയിട്ട് രണ്ട് മാസമായി. ആരോടാണ് സർക്കാർ യുദ്ധം ചെയ്യുന്നത്? ആരോഗ്യമന്ത്രിയും ഒരു സ്ത്രീയല്ലേ? സ്ത്രീകള്‍ക്കൊപ്പം നില്‍ക്കേണ്ട നിങ്ങള്‍ ആർക്കൊപ്പമാണ് നില്‍ക്കുന്നത്? നിങ്ങള്‍ ആരെയാണ് ഭയപ്പെടുത്തുന്നത്? അതിജീവിതയെയും അവർക്ക് പിന്തുണ നല്‍കിയവരെയുമല്ലേ സർക്കാർ ചേർത്ത് നിർത്തേണ്ടത്. എന്നിട്ടും ആരോഗ്യമന്ത്രി ഉള്‍പ്പെടെയുള്ളവർ വേട്ടക്കാർക്കൊപ്പം നില്‍ക്കുകയാണ്, പ്രതിപക്ഷനേതാവ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹൈക്കോടതി ഉത്തരവ് നടപ്പാക്കില്ലെന്ന് മന്ത്രി പറയുന്നത് സത്യപ്രതിജ്ഞാ ലംഘനമാണ്. കോടതി ഉത്തരവ് നടപ്പാക്കില്ലെന്ന് പറയുന്ന ആരോഗ്യമന്ത്രിയുടെ ധാർഷ്ട്യത്തെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത്? കോടതി ഉത്തരവ് പാലിക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തം മന്ത്രിക്കുണ്ട്. നിയമ വിരുദ്ധമായാണ് മന്ത്രി പെരുമാറുന്നത്. എല്ലാ വൃത്തികേടുകള്‍ക്കും കുടപിടിക്കുന്ന ആളാണ് മുഖ്യമന്ത്രി. ഇക്കാര്യത്തില്‍ കോടതിയുടെ അഭിപ്രായം കൂടി പുറത്ത് വന്നാല്‍ നിയമനടപടി സ്വീകരിക്കും, അദ്ദേഹം കൂട്ടിച്ചേർത്തു.