കോട്ടയം: കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായി ബി.ജെ.പിക്ക് മുഖ്യമന്ത്രി കുടപിടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഹുല്‍ഗാന്ധിക്കെതിരെയും കോണ്‍ഗ്രസിനെതിരെയും നട്ടാല്‍ മുളക്കാത്ത നുണകള്‍ പറഞ്ഞ് ബി.ജെ.പിയെ പ്രീതിപ്പെടുത്താനാണ് പിണറായി വിജയൻ ശ്രമിക്കുന്നത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണം ചുറ്റും നില്‍ക്കുകയാണ്. ഭയമാണ് കേരളത്തിന്റെ മുഖ്യമന്ത്രിയെ ഭരിക്കുന്നത്. പേടിച്ചാണ് മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്നതെന്നും കേന്ദ്ര ഭരണകൂടത്തെ പ്രീതിപ്പെടുത്താനാണ് കോണ്‍ഗ്രസ്-രാഹുല്‍ ഗാന്ധി വിരുദ്ധത പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രി കേരളത്തേക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ലെന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി. പറയാൻ കഴിയാത്ത ദയനീയമായ അവസ്ഥയിലാണ് കേരളത്തിൻ്റെ സ്ഥിതി.
ഹൈക്കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ ക്ഷേമപെൻഷൻ അവകാശമല്ലെന്ന് സർക്കാർ പറയുന്നു. പിന്നെ എന്താ ഔദാര്യമാണോ ക്ഷേമ പെൻഷനെന്നും അദ്ദേഹം ചോദിച്ചു. ക്ഷേമ പെൻഷൻ വിതരണം ചെയ്യുകയെന്നത് സർക്കാരിൻ്റെ കടമയാണെന്നും സതീശൻ പറഞ്ഞു. കേരളാ സ്റ്റോറിയെ കുറിച്ച് സഭതന്നെ ഭിന്നിപ്പുണ്ടാക്കരുതെന്ന് പറഞ്ഞതാണ്. സിനിമയ്ക്ക് പിന്നില്‍ സംഘപരിവാർ അജണ്ടയാണുള്ളത്. ക്രൈസ്തവ മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യത്ത് സംഘപരിവാർ ആക്രമണങ്ങള്‍ വർധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സജി മഞ്ഞക്കടമ്ബിലിൻ്റെ രാജി പ്രാദേശിക വിഷയമാണെന്നും അത് അവർ തന്നെ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അനില്‍ ആൻ്റണിക്ക് മറുപടി പറയുന്നില്ല. ബി.ജെ.പി. സ്ഥാനാർഥി കോണ്‍ഗ്രസിനെ സ്വഭാവികമായും വിമർശിക്കും. ദല്ലാള്‍ നന്ദകുമാറിൻ്റെ ആരോപങ്ങളെ കുറിച്ചും മറുപടി പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.