തിരുവനന്തപുരം : മുഖ്യമന്ത്രിയുടേയും കുടംബത്തിന്റേയും സ്വകാര്യ വിദേശ യാത്രയില്‍ മൂന്ന് ചോദ്യങ്ങളുമായി കേന്ദ്രമന്ത്രി വി. മുരളീധരന് രംഗത്ത്. യാത്രയുടെ സ്പോണ്സർ ആരാണ്? സ്പോണ്‍സറുടെ വരുമാന സ്രോതസ് എന്താണ്? മുഖ്യമന്ത്രിയുടേയും പൊതുമരാമത്ത് മന്ത്രിയുടേയും ചുമതല ആർക്കാണ് കൈമാറിയിരിക്കുന്നത്? ഈ ചോദ്യങ്ങള്‍ക്ക് സപിഎം മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വേനലില്‍ ജനം വലയുമ്പോള്‍ പിണറായി വിജയൻ ബീച്ച് ടൂറിസം ആഘോഷിക്കാൻ പോയിരിക്കുകയാണ്.
സാമ്പത്തിക പ്രതിസന്ധിക്കിടെയുള്ള യാത്രയില്‍ പാർട്ടി നിലപാട് എതാണെന്നും അദ്ദേഹം ചോദിച്ചു. സീതാറാം യെച്ചൂരി ഒന്നും മിണ്ടിയിട്ടില്ല. പ്രതിപക്ഷ നേതാവ് വിഷയത്തില്‍ പ്രതികരിക്കാതെ മുങ്ങി. യാത്രയുടെ ചെലവ് എവിടെ നിന്ന് എന്ന് വ്യക്തമാക്കണം. ചൂട് കാരണം ജനം മരിക്കുമ്പോഴാണോ മുഖ്യമന്ത്രി ഇത്തരം ബീച്ച് ടൂറിസത്തിന് പോകുന്നതെന്നും അദ്ദേഹം ചോദിച്ചു. മാസപ്പടി ആരോപണത്തിലെ വിജിലൻസ് അന്വേഷണ ആവശ്യം തള്ളിയത് അഡ്ജസ്റ്റ്മെന്റാണെന്നും വി മുരളീധരന് ആരോപിച്ചു.