തിരുവനന്തപുരം: നയപ്രഖ്യാപനത്തിന്റെ ഉള്ളടക്കം നിലവാരമില്ലാത്തതിനാലാകാം ഗവർണർ അത് വായിക്കാഞ്ഞതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കഴിഞ്ഞ കുറേകാലമായി സംസ്ഥാന സർക്കാർ നടത്തുന്ന കള്ളപ്രചാരണങ്ങള്‍, നയപ്രഖ്യാപനത്തിന്റെ മറപിടിച്ചുകൊണ്ട് നിയമസഭാവേദിയില്‍ രേഖപ്പെടുത്താനുള്ള നീക്കം ഗവർണർ തിരിച്ചറിഞ്ഞെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേന്ദ്രം ഞെരുക്കുന്നുവെന്ന സർക്കാരിന്റെ കള്ളക്കണക്ക് എവിടെയും ചിലവാകില്ലെന്ന് നേരത്തെ ബോധ്യപ്പെട്ടതാണെന്നും ധൂർത്ത്
അവസാനിപ്പിക്കുന്നതിനുപകരം കേന്ദ്രത്തിനെതിരെ കള്ളപ്രചരണം അഴിച്ചുവിടാനുള്ള വേദിയാക്കി നിയമസഭയെ മാറ്റാനാണ് സർക്കാർ ശ്രമിച്ചതെന്നും മുരളീധരൻ വിമർശിച്ചു.
ഭരണഘടനാപദവി ആയതിനാല്‍ നയപ്രഖ്യാപനം നിയമസഭയില്‍ അവതരിപ്പിക്കേണ്ടത് ഗവർണറുടെ കടമയാണ്. പക്ഷെ അവതരിപ്പിക്കുന്ന വിഷയം സത്യസന്ധമായിരിക്കണമെന്ന് സർക്കാരിന് തോന്നിയില്ലെങ്കിലും ഗവർണർക്ക് തോന്നി. അതില്‍ അദ്ദേഹത്തെ കുറ്റംപറയാനാകില്ലെന്നും ഇന്ത്യൻ ജനാധിപത്യത്തിന്റെ അന്തസ് ഉയർത്തുന്നതാണ് ഗവർണറുടെ നടപടിയെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭാ ബജറ്റ് സമ്മേളനത്തിന് തുടക്കംകുറിച്ച് നയപ്രഖ്യാപനത്തിന്റെ അവസാന ഖണ്ഡിക മാത്രം വായിച്ചായിരുന്നു ഗവർണർ തന്റെ പ്രസംഗം അവസാനിപ്പിച്ച് മടങ്ങിയത്. നയപ്രഖ്യാപനത്തില്‍ കേന്ദ്രവിവേചനത്തില്‍ രൂക്ഷവിമർശനമടക്കം ഉണ്ടായിരുന്നു. സർക്കാർ അയച്ചുകൊടുത്ത പ്രസംഗം ഗവർണർ അതേപടി അംഗീകരിക്കുകയും ചെയ്തിരുന്നു.