തൃശ്ശൂർ: പൂരം കലക്കല്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയെന്ന് സിപിഐ നേതാവ് വി എസ് സുനില്‍കുമാർ. സംഭവത്തില്‍ ബിജെപിക്കും ആർഎസ്‌എസിനും അന്നത്തെ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കും പങ്കുണ്ടെന്നും സുനില്‍ കുമാർ ആരോപിച്ചു. ഇക്കാര്യങ്ങള്‍ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അന്വേഷണസംഘത്തിന് മൊഴിയായി ഈ കാര്യങ്ങള്‍ നല്‍കുമെന്ന് പറഞ്ഞ സുനില്‍കുമാർ തന്നെ കേള്‍ക്കാതെ റിപ്പോർട്ട് സമർപ്പിക്കും എന്നാണ് കരുതിയിരുന്നതെന്നും പറഞ്ഞു.
മൊഴിയെടുക്കാൻ വിളിപ്പിച്ചതില്‍ സന്തോഷമുണ്ടെന്നും തനിക്ക് അറിയാവുന്ന കാര്യങ്ങളും പക്കലുള്ള ഫോട്ടോയും നല്‍കുമെന്നും വിഎസ് സുനില്‍കുമാർ കൂട്ടിച്ചേർത്തു. പൂരം കലക്കല്‍ വിവാദത്തില്‍ മൊഴി നല്‍കാൻ എത്തിയപ്പോഴായിരുന്നു സുനില്‍കുമാറിന്റെ പ്രതികരണം. മലപ്പുറം അഡീഷണല്‍ എസ്പിയുടെ നേതൃത്വത്തില്‍ തൃശ്ശൂർ രാമനിലയത്തില്‍ വെച്ചാണ് മൊഴിയെടുക്കല്‍.