കൊച്ചി: വടക്കൻ പറവൂർ തൂയിത്തുറയില്‍ പാലത്തിന് സമീപം കുറുവാ സംഘമെന്ന് സംശയം. കഴിഞ്ഞ ദിവസം പ്രദേശത്തെ 6 വീടുകളിലാണ് മോഷണശ്രമം നടന്നിരിക്കുന്നത്. എന്നാല്‍ വീടുകളില്‍ നിന്ന് സാധനങ്ങളൊന്നും മോഷണം പോയിട്ടില്ല. മോഷ്ടാക്കളുടെ സിസിടി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. വടക്കേക്കര പോലീസ് സ്ഥലത്തെത്തി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച് അന്വഷണം തുടങ്ങി.
ഇവരുടെ കയ്യില്‍ ആയുധങ്ങളടക്കം ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കുറുവ സംഘമാണ് മോഷണ ശ്രമം നടത്തിയത് എന്നാണ് നാട്ടുകാരുടെ സംശയം. എന്നാല്‍ ഇക്കാര്യം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, നാട്ടില്‍ വിലസുന്ന കുറുവാ സംഘത്തിന്റെ ഭീതിയിലാണ് ആലപ്പുഴ മണ്ണഞ്ചേരിയിലെ നാട്ടുകാർ. രണ്ടാഴ്ച്ചക്കിടെ നാല് വീടുകളിലാണ് കുറുവാ സംഘം മോഷണം നടത്തിയത്. ആക്രമിക്കാൻ പോലും മടിയില്ലാത്ത മോഷ്ടാക്കള്‍ക്കായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആലപ്പുഴ നോർത്ത്, മണ്ണഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് കുറുവാ സംഘം കറങ്ങി നടക്കുന്നത്. പൊലീസും ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരുമെല്ലാം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഇവരെ പിടികൂടാൻ ജില്ലാ പൊലീസ് മേധവിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. റെസിഡൻഷ്യല്‍ അസോസിയേഷനുകളുടെയും സംഘടനകളുടെയുമെല്ലാം സഹായത്തോടെ പൊലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. ജാഗ്രത പാലിക്കാനും നിർദേശം നല്കി.